ഉഷ്ണതരംഗത്തിൽ പൊള്ളിയ കേരളത്തിനുമേൽ തുള്ളിക്കൊരുകുടം ചൊരിഞ്ഞ വേനൽ മഴയിൽ നനഞ്ഞുകുളിക്കുകയാണ് നമ്മൾ. സമാനതയില്ലാത്ത ചൂടിൽ ഉരുകിയ കേരളത്തിന് ഒടുവിൽ ആശ്വാസമായത് മേയ് 22ലെ മേഘവിസ്ഫോടനങ്ങളും വിവിധ പ്രദേശങ്ങളിലുണ്ടായ ചെറുമേഘവിസ്ഫോടനങ്ങളുമാണ്. ഭാഗ്യവശാൽ ഇവ പ്രളയത്തിലേക്കും ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളിലേക്കും എത്തിയില്ല.
ഏപ്രിലിലെ മഴക്കുറവ് നികത്തിയത് കഴിഞ്ഞ എട്ട് ദിവസത്തിനിടെ പെയ്തിറങ്ങിയ മഴയാണ്. മേയ് 15 വരെ ഉഷ്ണതരംഗത്തിൽ വിയർത്തൊലിച്ച പാലക്കാട് ഈ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ മഴ പെയ്ത രണ്ടാം ജില്ലയായി മാറി. ഒന്നാം സ്ഥാനത്ത് തിരുവനന്തപുരമാണ്.
കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ദൃശ്യമാകുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി ഇവിടത്തെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുന്നെന്ന യാഥാർഥ്യത്തിലേക്കാണ്. ഈ സാഹചര്യത്തിലേക്കാണ് മേയ് 31ഓടെ സംസ്ഥാനത്ത് കാലവർഷവും എത്തിച്ചേരുന്നത്.
രാജ്യത്ത് മൊത്തം കാലവർഷം ശക്തമാകുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിലും ഇത്തവണ കാലവർഷം കനക്കും. ഇത്തവണ ലാ നിന പ്രതിഭാസം ആഗസ്റ്റിൽ എത്തുന്നതിനാൽ കൂടുതൽ മഴ കേരളത്തിന് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
2018 മുതൽ കേരളത്തിൽ അതിതീവ്ര മഴയുടെ തോത് ഏറെ കൂടി. കുറഞ്ഞ സമയത്ത് കൂടിയ അളവിൽ മഴ പെയ്യുന്നു. അതുകൊണ്ടുതന്നെ മെയ് 31ന് ആരംഭിക്കുന്ന കാലവർഷത്തിനൽ കേരളത്തിന് ആശ്വാസത്തോടൊപ്പം ഭീഷണിയുമുണ്ട്.
ആഗസ്റ്റോടെ സംസ്ഥാനത്ത് ലാ നിന പ്രതിഭാസത്തിനൊപ്പം പോസിറ്റിവ് ഇന്ത്യൻ ഓഷ്യൻ ഡെ പോൾ (ഐ.ഒ.ഡി) പ്രതിഭാസം കൂടി എത്തുമെന്നും ഇവ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴയും ചെറുമേഘവിസ്ഫോടനവും സൃഷ്ടിച്ചേക്കാമെന്നും ‘കുസാറ്റി’ലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
2019ലും ഐ.ഒ.ഡി കേരളത്തിൽ സംഭവിച്ചിരുന്നു. അന്നായിരുന്നു കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കി ലഘുമേഘവിസ്ഫോടനമുണ്ടായത്. അന്ന് ലാ നിന പ്രതിഭാസമുണ്ടായിരുന്നില്ല. ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങൾ ഒരുമിച്ച് വരുന്നത് ചുരുക്കമാണ്.
എങ്കിലും ഇത്തവണ അത് തള്ളിക്കളയാനാകില്ല. കാലവർഷത്തിനൊപ്പം ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങൾ ഒരുമിച്ചാൽ അപകടകരമായ സ്ഥിതിവിശേഷമാകും സംജാതമാകുക. അവ നേരിടാനുള്ള കർമ പദ്ധതികളിലേക്കാണ് കേരളം കടക്കേണ്ടതെന്നും അല്ലാത്ത പക്ഷം 2018 ഉം കവളപ്പാറ ദുരന്തങ്ങളും ആവർത്തിക്കാൻ അധികദൂരമുണ്ടാകില്ലെന്നും കാലാവസ്ഥ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.