തിരുവനന്തപുരം: മകൾക്കെതിരായ മാസപ്പടിയാരോപണവും ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളും രേഖകൾ സഹിതം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രതിരോധത്തിൽ. നൽകാത്ത സേവനത്തിന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകൾ വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.
ഐ.ടി, ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ പേരിൽ കരാർ ഒപ്പിട്ടെങ്കിലും സേവനമൊന്നും നൽകാതെ മാസം തോറും പണം വാങ്ങുകയായിരുന്നു. സ്പ്രിൻക്ലറിലും പിന്നാലെ പി.ഡബ്ല്യു.സിയിലും ആരോപണങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഉയർന്നതെങ്കിൽ, തെളിവുകൾ പുറത്തുവന്നുവെന്നതാണ് നിലവിലെ വിവാദത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രിയോ വീണയോ ഇതുവരെയും തയാറായിട്ടില്ല. 2019 ജനുവരി 25ന് സി.എം.ആർ.എൽ ഓഫിസിലും ഫാക്ടറിയിലും എം.ഡിയുടെയടക്കം പ്രധാന വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2013-2014 മുതൽ 2019-2020 വരെയുള്ള നികുതിയടവ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരത്തിൽ കണ്ടെടുത്തവയിൽ സ്ഥാപനത്തിന്റെ ചെലവഴിക്കൽ രേഖകളുമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിർകക്ഷികൾക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളുണ്ടെന്ന് കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടത്. ഇക്കാര്യം ഇന്ററിം സെറ്റിൽമെന്റ് ബോർഡും സ്ഥിരീകരിച്ചു.
ആദായനികുതി നിയമ പ്രകാരം കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതുപ്രകാരം സി.എം.ആർ.എല്ലും കമ്പനി എം.ഡി ശശിധരൻ കർത്തായും 2020 നവംബറിൽ സെറ്റിൽമെന്റ് ബോർഡിൽ അപേക്ഷ സമർപ്പിരുന്നു.
പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ എതിർകക്ഷിയെന്ന നിലയിൽ ആദായനികുതി വകുപ്പ് ശക്തമായ വാദമുഖമായി ഉന്നയിച്ചു. ഇതാണ് ‘ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന’ സെറ്റിൽമെന്റ് ബോർഡ് ബെഞ്ചിന്റെ തീർപ്പിലേക്കെത്തിയത്. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന പരാമർശവും ബോർഡിന്റേതായുണ്ട്.
ഒ.സി, കെ.കെ, ആർ.സി,ഐ.കെ; മാസപ്പടി വിവാദത്തിൽ യു.ഡി.എഫ് നേതാക്കളും
മാർക്കറ്റിങ് കൺസൽറ്റൻസി, ഐ.ടി സേവനങ്ങൾ എന്നിവക്കായി 2016 ഡിസംബറിലാണ് വീണയുടെ കമ്പനിയുമായി സി.എം.ആർ.എൽ കരാറുണ്ടാക്കുന്നത്. ഇതിനുപുറമേ 2017 മാർച്ചിൽ സോഫ്റ്റ്വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി മറ്റൊരു കരാറുമുണ്ടാക്കി. ഇവയനുസരിച്ച് വീണക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷവും നൽകണമായിരുന്നു. ഇതുപ്രകാരം വീണക്ക് 55 ലക്ഷവും എക്സാലോജിക്കിന് 1.17 കോടിയുമുൾപ്പെടെ 2017 മുതൽ 2020 വരെ കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് സി.എം.ആർ.എൽ നൽകിയത്. കരാർ പ്രകാരം മാസം തോറും പണം നൽകിയെന്ന് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത ആദായനികുതി വകുപ്പിന് മൊഴി നൽകി. കരാർപ്രകാരം സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്ക് അറിയില്ലെന്ന് സി.എം.ആർ.എല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി. സുരേഷ്കുമാറും മൊഴി നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമായിരുന്നു സെറ്റിൽമെന്റ് ബോർഡ് ബെഞ്ചിന്റെ തീർപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.