തിരുവന്തപുരം: കുട്ടികളിലെ സമർദം കുറക്കാൻ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിലായിരുന്നു നിർദേശം. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കർശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. എന്നാൽകുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾ കൊണ്ടുകൂടിയാണ്. കുട്ടികൾ മുറിയിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇതു കുട്ടികളുടെ മനസിനെ സ്വാധീനിക്കും. ലഹരിമരുന്ന് ഏജന്‍റുമാർ കുട്ടികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി ലഹരിമരുന്ന് ഏജന്‍റുമാർ മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കുട്ടികൾ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. അറിവ് പകർന്നു കിട്ടുന്ന സൈറ്റുകളിലേക്കാണ് കുട്ടികൾ കടന്നു ചെല്ലുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സമിതി സമഗ്രമായ കര്‍മ്മ പദ്ധതി ഒരുക്കും. ലഹരി രക്ഷാ ബോധവത്കരണ പരിപാടികൾ അതിനുസരിച്ചാകും സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.