തൊടുപുഴ: ആറ് മാസത്തിലധികമായി സി.പി.എമ്മിൽനിന്ന് അകന്ന് കഴിഞ്ഞ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെത്തേടി പ്രതീക്ഷിച്ച വിധിതന്നെയെത്തി. പ്രാഥമികാംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെന്ഡ് ചെയ്യാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ രാജേന്ദ്രനും ജില്ലയിലെ പാർട്ടി നേതൃത്വത്തിനും വലിയ അത്ഭുതമില്ല. കാരണം, ജില്ലയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം. മണി നാളുകൾക്ക് മുമ്പ്തന്നെ രാജേന്ദ്രന്റെ ഭാവി പ്രവചിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടി സ്ഥാനാർഥി അഡ്വ. എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തോടെയാണ് രാജേന്ദ്രൻ നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. തോട്ടം മേഖലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു, പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായില്ല എന്നിവയായിരുന്നു ആരോപണങ്ങൾ.
തുടർന്ന്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ മോഹനൻ എന്നിവരെ അന്വേഷണ കമീഷനായി നിയോഗിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കമീഷൻ കണ്ടെത്തുകയും ജില്ല സെക്രട്ടേറിയറ്റ് ഒരു വർഷത്തെ സസ്പെൻഷൻ ശിപാർശ ചെയ്യുകയുമുണ്ടായി.പിന്നാലെ നടന്ന പാർട്ടി ഏരിയ, ലോക്കൽ, ജില്ല സമ്മേളനങ്ങളിൽനിന്നെല്ലാം രാജേന്ദ്രൻ വിട്ടുനിന്നു.
സമ്മേളന വേദികളിൽ എം.എം. മണി രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തെ വിമർശിച്ചത്. സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച മണി, അദ്ദേഹത്തെ ചുമക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും തുറന്നടിച്ചു. ഒരു തവണ ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എം.എൽ.എയുമായ രാജേന്ദ്രന് ഇപ്പോൾ ബോധം തെറ്റിപ്പോയി എന്നായിരുന്നു മണിയുടെ ആക്ഷേപം. ജില്ല സമ്മേളനത്തിലും രാജേന്ദ്രനെതിരെ വിമർശനം ഉയർന്നു.
എന്നാൽ, എം.എൽ.എ സ്ഥാനം മോഹിച്ച് പാർട്ടിയിൽ വന്നയാളല്ല താനെന്നും പുറത്താക്കണമെങ്കിൽ പുറത്താക്കട്ടെയെന്നുമായിരുന്നു രാജേന്ദ്രന്റെ മറുപടി. പെൻഷൻ വാങ്ങി അച്ഛനെയും അമ്മയെയും നോക്കി വീട്ടിലിരിക്കാൻ പറഞ്ഞ് എം.എം. മണി ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണവും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്തിൽ രാജേന്ദ്രൻ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.