കൊച്ചി: കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിയോഗത്തിന് പിന്നാലെ യാക്കോബായ സഭയിൽ പിൻഗാമി ചർച്ചകൾ സജീവമായി. കാതോലിക്ക ബാവയെന്ന നിലയിൽ കാൽനൂറ്റാണ്ട് സഭയെ നയിച്ചാണ് തോമസ് പ്രഥമൻ ബാവയുടെ വിയോഗം. പിൻഗാമി ആരെന്നതിൽ സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ നിലപാട് നിർണായകമാകും.
കാതോലിക്ക സ്ഥാനത്തേക്ക് ഒരാളെ തീരുമാനിക്കുകയാണെങ്കിൽ അത് മലങ്കര മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രിഗോറിയോസായിരിക്കുമെന്നാണ് വിവരം. അന്തരിച്ച കാതോലിക്ക ബാവയുടെ വിൽപത്രത്തിലും ഇദ്ദേഹത്തിന്റെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇദ്ദേഹത്തെക്കാൾ മുതിർന്ന രണ്ട് മെത്രാപ്പോലീത്തമാർകൂടി സഭയിലുള്ളതിനാൽ അക്കാര്യം കൂടി പരിഗണിക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്. അങ്കമാലി ഭദ്രാസനത്തിലെ സഹായ മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സേവേറിയോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസ് എന്നിവരാണവർ. ഇതിൽ മോർ സെവേറിയോസ് സ്വയം വിരമിക്കലിന് കത്ത് നൽകിയതിനാൽ മോർ തിമോത്തിയോസ് മാത്രമാണ് അവശേഷിക്കുന്നത്.
സഭയുടെ ആത്മീയ കാര്യങ്ങളിൽ കാതോലിക്ക ബാവയും ഭരണപരമായ കാര്യങ്ങളിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമാണ് അധികാരികൾ. സഭയിൽ ദീർഘകാലം ഈ രണ്ട് പദവിയും തോമസ് പ്രഥമൻ ബാവയാണ് വഹിച്ചിരുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളാൽ അദ്ദേഹം പദവി ഒഴിഞ്ഞതോടെയാണ് മോർ ഗ്രിഗോറിയോസ് ആ പദവിയിലേക്കെത്തിയത്. എന്നാൽ, രണ്ട് പദവിയിലേക്കും രണ്ടാളെ നിയോഗിച്ചാൽ അത് ഭിന്നതക്കും തർക്കങ്ങൾക്കും വഴിെവക്കുമെന്ന ആശങ്കയുള്ളതിനാൽ രണ്ട് ചുമതലയും ഒരാൾക്കുതന്നെ നൽകാനാണ് സാധ്യത. ഇതും മോർ ഗ്രിഗോറിയോസിന് അനുകൂലമാണ്. എന്നാൽ, 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയോടെ സഭാ ഭരണഘടന അസ്ഥിരപ്പെട്ടതിനാൽ അതിന്റെ അടിസ്ഥാനത്തിൽ കാതോലിക്ക വാഴ്ചക്ക് നിയമപരമായ പ്രശ്നങ്ങളുണ്ടെന്നതാണ് മറ്റൊരു തലവേദന. അതുകൊണ്ട് തൽക്കാലത്തേക്ക് മലങ്കര മെത്രാപ്പോലീത്ത പദവി നിലനിർത്തി മുന്നോട്ടുപോകാനുള്ള ആലോചനയും പാത്രിയാർക്കീസ് ബാവക്കുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.