തൃശൂർ: ചേർപ്പ് ചിറക്കലിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കോട്ടയം സ്വദേശി ഡിനോൺ ആണ് ഇന്ന് പിടിയിലായത്. രണ്ടു ദിവസം മുമ്പ് ചിറക്കൽ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ സ്വദേശി അമീർ, കാട്ടൂർ പൊഞ്ഞനം സ്വദേശി കുറുമത്ത് നിരഞ്ജൻ, കോട്ടം സ്വദേശി സുഹൈൽ എന്നിവരെ പിടികൂടിയിരുന്നു. ഇതിൽ മൂന്നുപേർ ഉത്തരാഖണ്ഡിൽനിന്നാണ് പിടിയിലായത്.
ഫെബ്രുവരി 18നാണ് ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് എട്ടംഗ സംഘം കോട്ടം മമ്മസ്രയിലത്ത് സഹറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി വനിത സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവിനെ മർദിച്ചത്.
ആക്രമണ ദൃശ്യങ്ങൾ മുഴുവൻ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പിറ്റേന്നുതന്നെ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തെങ്കിലും സഹറിൽനിന്ന് ശരിയായ മൊഴി ലഭിച്ചില്ലെന്നു പറഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.
കണ്ടാലറിയാവുന്ന രണ്ടുപേരടക്കം 10 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുപേരെയും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാഴ്ച പിന്നിട്ട ശേഷമാണ് പ്രതികളായ രാഹുൽ, കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.