തിരുവനന്തപുരം: സില്‍വർ ലൈൻ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കമാൻഡോകളെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെയും അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടികളിലെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. മന്ത്രിമാരുടെ സുരക്ഷ കൂട്ടുന്നതും പരിഗണനയിലുണ്ട്. ക്ലിഫ്ഹൗസിന്റെയും സമീപപ്രദേശങ്ങളുടെയും സുരക്ഷ വർധിപ്പിക്കുകയും അവിടെ കൺട്രോൾ റൂം ആരംഭിക്കുകയും ചെയ്തതിനു പിന്നാലെയാണിത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവേക്കല്ലുകൾ മന്ത്രിമാരുടെ വീടുകളിൽ സ്ഥാപിക്കുമെന്നും സമരക്കാർ പ്രഖ്യാപിച്ചിരുന്നു.എന്നാൽ, പ്രതിഷേധത്തിനിടെയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാനാണ് കൂടുതൽ സാധ്യതയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കൈമാറി. ആഭ്യന്തര വകുപ്പ് ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്.
നിലവിൽ കമാൻഡോ സുരക്ഷയുൾപ്പെടെ മുഖ്യമന്ത്രിക്കുണ്ട്. സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊലീസ് വാഹനങ്ങളുടെ നീണ്ട നിരയാണ് മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്നത്. അതിനു പുറമെയാണ് കൂടുതൽ കമാൻഡോകളെ ഉൾപ്പെടെ സുരക്ഷക്ക് നിയോഗിക്കാനുള്ള നീക്കം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികൾ നടക്കുന്ന വേദിക്ക് സമീപത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചവർക്കു മാത്രമാകും പ്രവേശനം. കർശന പരിശോധനക്കു വിധേയമാക്കിയായിരിക്കും സന്ദർശകരെയും ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.