കോഴിക്കോട്: മെഡി. കോളജിൽ സുരക്ഷ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ക്രൂരമായി മർദിച്ചത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗം കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നതിന്റെ കുടുതൽ തെളിവുകൾ പുറത്തുവന്നു. അരുണും ഭാര്യയും ആദ്യം സെക്യൂരിറ്റിക്കാരെ ധിക്കരിച്ച് ആശുപത്രിയിൽ പ്രവേശിച്ചതിന്റെയും പിന്നീട് ജീവനക്കാരനെ മർദിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെക്യൂരിറ്റിക്കാരെ ആക്രമിക്കുമ്പോൾ അരുണിനെ ഭാര്യ പിടിച്ചുവെക്കുന്നത് കാണാം. തർക്കത്തിനിടയിൽ മെഡി. കോളജ് ആശുപത്രി പരിസരത്തെ സഞ്ചിവിൽപനക്കാരൻ കടന്നുവരുന്നതും രംഗം വഷളാക്കുന്നതും വ്യക്തമാണ്. പുതിയ ദൃശ്യങ്ങൾ അധികൃതർ മെഡി. കോളജ് പൊലീസിന് കൈമാറി.
അരുണിന്റെ ഭാര്യയോട് സെക്യൂരിറ്റി ജീവനക്കാർ സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറിയെന്ന അക്രമി സംഘത്തിന്റെ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ജാമ്യമില്ല വകുപ്പുപ്രകാരം സ്ത്രീയുടെ പരാതിയിൽ പൊലീസ് സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്തിരുന്നു. പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മായനാട് ഭാഗത്തുനിന്നുള്ള സംഘവും മെഡി. കോളജ് കാമ്പസിന് പിൻവശത്തെ മാലാപറമ്പ് മേഖലയിലുള്ളവരുമാണ് ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം.
ബുധനാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിലും അരുണിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തുന്നത് വ്യക്തമായിരുന്നു. കോവൂർ നസീറ ഡ്രൈവിങ് സ്കൂളിന് സമീപമാണ് അരുൺ താമസിക്കുന്നത്. മൂന്നു വർഷം മുമ്പ് മെഡി. കോളജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലും അരുൺ പ്രതിയായിരുന്നു. കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. മെഡി. കോളജ് പരിസരത്ത് സഞ്ചിവിൽപന നടത്തുന്നയാൾ അരുണിന്റെ ബന്ധുവാണ്. സംഭവത്തിനുശേഷം ഇയാളും അപ്രത്യക്ഷമായെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ തെളിവുകൾ ലഭിച്ചിട്ടും കണ്ടാലറിയാവുന്ന 16 പേരുടെ പേരിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
സെക്യൂരിറ്റി ജീവനക്കാരെ മൃഗീയമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമം കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെ അക്രമിസംഘം ക്രൂരമായി മർദിച്ചിരുന്നു. ഷംസുദ്ദീൻ വ്യാഴാഴ്ച സംഭവത്തെ കുറിച്ച് പൊലീസിന് വിശദമായ മൊഴി നൽകി. അതിനിടെ, അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുരക്ഷ ജീവനക്കാരൻ നരിക്കുനി സ്വദേശി ദിനേശന്റെ (62) ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെഡി. കോളജ് ആശുപത്രിയിൽ നടന്ന ഗുണ്ട ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെയും സുരക്ഷ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വ്യാഴാഴ്ച പ്രകടനം നടന്നു. അഞ്ഞൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.