50ലധികം കേസുകൾ, കോടികളുടെ തട്ടിപ്പ്; പൂമ്പാറ്റ സിനി കാപ്പ പ്രകാരം അറസ്റ്റിൽ

തൃശൂർ: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശേരി വീട്ടിൽ സിനി ഗോപകുമാർ എന്ന പൂമ്പാറ്റ സിനിയെ (48) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കവർച്ച, ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടൽ, ആക്രമിച്ച് പരിക്കേൽപിക്കൽ, വധ ഭീഷണി മുഴക്കൽ, മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഇവർ പ്രതിയാണ്.

ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ വാടകക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽനിന്ന് ഇൻസ്പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ മുമ്പാകെ ഹാജറാക്കിയിരുന്നു. തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ റിപ്പോർട്ട് പരിഗണിച്ച് കലക്ടർ കാപ്പ പ്രകാരമുള്ള കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു.

വിവിധയിടങ്ങളിൽ താമസിച്ച് പേരും വിലാസവും മാറിമാറി ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുകയായിരുന്നു ഇവരുടെ രീതി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. വലിയ സമ്പന്നയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കും. പണം തട്ടിയതായി ഇരകൾക്ക് തോന്നാതിരിക്കാൻ പലതരം കഥകളാണ് ഇവർ അവതരിപ്പിക്കുക. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയെന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കും.

കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി ജയിലിലായിട്ടുണ്ടെങ്കിലും രജിസ്റ്റർ ചെയ്ത ഒരു കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും മൂല്യം കോടികൾ വരുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - More than 50 cases, fraud of crores; Poompaatta Sini arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.