തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ കൂടുതല്‍ വിജിലന്‍സ് കോടതികള്‍ വരുന്നു. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിനുമുമ്പ് പരീക്ഷ നടത്തി യോഗ്യരുടെ പട്ടിക തയാറാക്കും. ഇവര്‍ക്ക് പരിശീലനം നല്‍കും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡേറ്റ ബേസ് തയാറാക്കി അതില്‍നിന്ന് വിജിലന്‍സില്‍ നിയമിക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്നുവര്‍ഷം തുടരാന്‍ അനുവദിക്കും.
വിജിലന്‍സ് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഹെഡ് ഓഫിസിലും മേഖല ഓഫിസുകളിലും ലഭ്യമാകുന്ന സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കും. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടുമ്പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. മൂന്നുമാസത്തിലൊരിക്കല്‍ വിശകലന യോഗം നടത്തും.
വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫിസർമാര്‍ക്കും പരിശീലനം നൽകും. വിജിലൻസ് സെല്ലില്‍ ഓഫിസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കും. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഡയറക്ടറുടെ അനുമതി വാങ്ങണം. കോടതി വെറുതെ വിടുന്ന കേസുകളില്‍ രണ്ട് മാസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്തെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.