കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച് തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥ സംഘം അതിർത്തിയിൽ പരിശോധന നടത്തി. തമിഴ്നാട് ജലവിഭവ വകുപ്പ്, ജലവിതരണം ചീഫ് എൻജിനീയർ ജി. പൊൻരാജ്, അണക്കെട്ടുകളുടെ ചുമതലയുള്ള ചീഫ് എൻജിനീയർ എൻ. ജ്ഞാനശേഖർ, ഉദ്യോഗസ്ഥരായ എൻ. സുരേഷ്, മലർവിഴി എന്നിവരുടെ നേതൃത്വത്തിൽ 28 അംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലെത്തുമ്പോഴും തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2000-2300 ഘനയടി ജലമാണ് കൊണ്ടുപോകാനാകുന്നത്. തേക്കടി ഷട്ടറിൽനിന്ന് ഭൂഗർഭ തുരങ്കത്തിലൂടെ എത്തുന്ന ജലം കേരള-തമിഴ്നാട് അതിർത്തിയിലെ ഫോർബേ ഡാമിലെത്തി ഇവിടെ നിന്ന് നാല് പെൻസ്റ്റോക് പൈപ്പ് വഴിയാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്.
അണക്കെട്ടിൽ ജലനിരപ്പ് 142ൽ എത്തുന്നതോടെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്താൻ ഇടുക്കി ജലസംഭരണിയിലേക്ക് ജലം തുറന്നുവിടുകയാണ് പതിവ്. ഇത് ഒഴിവാക്കി ജലം മുഴുവൻ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത വിലയിരുത്താനാണ് സംഘം എത്തിയത്.
മുല്ലപ്പെരിയാറിലെ ജലം നിലവിൽ അതിർത്തിയിൽ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം കൃഷി, കുടിവെള്ള ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. മധുര ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വൻ പദ്ധതിയാണ് നിർമാണം പൂർത്തിയായി വരുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം തമിഴ്നാടിന് ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പരിശോധനകൾ നടത്തിയതെന്നാണ് വിവരം. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന ഫോർബേ ഡാമിനൊപ്പം തേക്കടി ഷട്ടർ, അതിർത്തിയിലെ ഇരച്ചിൽപാലം എന്നിവിടങ്ങളിലും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.