പാലക്കാട്: പ്രസവത്തിനിടെ നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചത് ചികിത്സ പിഴവ് കാരണമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. പാലക്കാട് ജില്ല കലക്ടറും ജില്ല മെഡിക്കൽ ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ആഗസ്റ്റിൽ പാലക്കാട് ഗവ. െഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മരണകാരണമായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പാലക്കാട്: യാക്കര തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവജന കമീഷൻ പ്രാഥമിക അന്വേഷണം നടത്തി. അംഗം അഡ്വ. ടി. മഹേഷ്, സ്റ്റേറ്റ് കോഓഡിനേറ്റർ അഡ്വ. എം. രൺദീഷ്, ജില്ല കോഓഡിനേറ്റർ അഖിൽ എന്നിവർ ചെമ്പകശ്ശേരിയിലെ ഐശ്വര്യയുടെ ഭർതൃഗൃഹത്തിൽ എത്തി ഭർത്താവ് രഞ്ജിത്തിന്‍റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
ആറു ദിവസം മുമ്പാണ് പ്രസവ വേദനയെ തുടർന്ന് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പത് മാസവും പരിശോധിച്ച ഡോക്ടറുടെ സേവനം അടിയന്തര സാഹചര്യത്തിൽ ലഭ്യമായില്ലെന്നും ഡ്യൂട്ടി ഡോക്ടർമാരുടെ സേവനവും കാര്യക്ഷമമായി ലഭിച്ചില്ലെന്നും ഗർഭപാത്രം നീക്കം ചെയ്യുന്നതും ബ്ലീഡിങ് രൂക്ഷമായതുമുൾപ്പെടെ ഉള്ള വിവരങ്ങൾ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച വന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
വിഷയത്തിൽ തങ്കം ആശുപത്രിയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവജന കമീഷൻ തുടർനടപടി സ്വീകരിക്കും.
പാലക്കാട്: സ്വകാര്യ ആശുപത്രികൾക്കെതിരെ ഉയരുന്ന പരാതികളെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ നിലപാടുകളുടെ ഫലമാണ് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
ആരോഗ്യമേഖല സ്വകാര്യ ലോബികൾ കൈയടക്കിവെച്ചിരിക്കുകയാണ്. അവർക്കെതിരെ ഉയരുന്ന പരാതികൾ സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും ജില്ല പ്രസിഡന്‍റ് ടി.എച്ച്. ഫിറോസ്ബാബു ആരോപിച്ചു. ഇതിനെതിരെ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.