ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൈനകരി സ്വദേശി അപർണയും കുഞ്ഞുമാണ് മരിച്ചത്. ലേബർ റൂമിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും അപർണയുടെ കുടുംബം പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് അപർണയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബർ റൂമിലേക്ക് മാറ്റി. പ്രസവം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നാലെ കുഞ്ഞ് മരിച്ചു. പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് അപർണയുടെ ബന്ധുക്കൾ ഉയർത്തിയത്. കുഞ്ഞിന്റെ മരണം അറിയിക്കാൻ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് പുലർച്ചെ അഞ്ച് മണിയോടെ അപർണയും മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതിന് ശേഷം അപർണയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നടപടിയുണ്ടായതിന് ശേഷമേ മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന നിലപാടിലാണ് അപർണയുടെ ബന്ധുക്കൾ. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.