തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മ ഉപയോഗിച്ച കഷായം അമ്മ സിന്ധു പൂവാറിലെ ആശുപത്രിയിൽനിന്ന് വാങ്ങിയത്. പൂവാറിലുള്ള ആശുപത്രിയിൽനിന്ന് സെപ്‌റ്റംബറിൽ സിന്ധു വാങ്ങിയ കഷായക്കൂട്ട് ഉപയോഗിച്ചാണ് ഗ്രീഷ്‌മ കൊലപാതകം നടത്തിയത്. രണ്ടുദിവസത്തെ ചോദ്യംചെയ്യലിലാണ് സിന്ധു താൻ കഷായം വാങ്ങിയിരുന്നെന്ന കാര്യം പൊലീനോട് വെളിപ്പെടുത്തിയത്. പിന്നാലെ സിന്ധുവുമായി പൊലീസ് ആശുപത്രിയിൽ തെളിവെടുപ്പിനെത്തി. ഇവിടെനിന്ന് കഷായത്തിന്‍റെ സാമ്പിളും പൊലീസ് ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്കയക്കും.
അമ്മക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഗ്രീഷ്‌മയുടെ മൊഴി. ഇതാണ് സിന്ധുവും ആവർത്തിക്കുന്നത്. ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഇരുവരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ചില മൊഴികളിലെ വൈരുധ്യമാണ് സംശയത്തിനാധാരം. കഷായമുണ്ടാക്കുന്നതിൽ ഗ്രീഷ്‌മക്ക് സിന്ധുവിന്റെ സഹായമുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിക്കും. ഷാരോണിന്‍റെ സഹോദരനോടുള്ള ഫോൺ സംഭാഷണത്തിൽ അമ്മയാണ് തനിക്ക് കഷായമുണ്ടാക്കി തരുന്നതെന്നാണ് ഗ്രീഷ്മ പറയുന്നത്.
ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവ് ശേഖരിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. നശിപ്പിച്ചെന്ന് കരുതിയ വിഷക്കുപ്പി കണ്ടെടുക്കാനായത് നിർണായകമാണെന്ന് പൊലീസ് പറയുന്നു. കളനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും തെളിവെടുപ്പ് നടത്തി.
കൊലപാതകം അറിഞ്ഞ ശേഷമാണ് കളനാശിനി കുപ്പി കളയാൻ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂടി തീരുമാനമെടുത്തത്. തമിഴ്നാട്ടിൽ നിന്നും വരുന്നവഴി കളിയിക്കാവിളയിൽനിന്ന് വാങ്ങിയ നാല് കളനാശിനികളിലൊന്ന് കാണാതായി. അപ്പോൾ കൊലപാതകത്തിന് ഗ്രീഷ്മ ഇതു ഉപയോഗിച്ചോയെന്ന സംശയുണ്ടായി. പിന്നീട് ഉറപ്പിച്ചു. ഇതോടെ തെളിവ് നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അന്വേഷണ സംഘത്തോട് മാതാവും അമ്മാവനും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.