കണ്ണൂർ: ഇൻഷൂറൻസ് അടക്കാത്തതിനെ തുടർന്ന് ഓട്ടം നിർത്തൽ ഭീഷണിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഇലക്ട്രിക് വാഹനങ്ങൾ. കെൽട്രോണാണ് വാഹനങ്ങളുടെ ഇൻഷൂറൻസ് അടക്കേണ്ടത്. ഇത് മുടങ്ങിയതോടെ പയ്യന്നൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം മൂന്ന് ദിവസമായി വിശ്രമത്തിലാണ്. വരും ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ എല്ലാ ഇ-വാഹനങ്ങളുടെയും ഇൻഷൂറൻസ് കാലാവധി അവസാനിക്കും. ഇൻഷൂറൻസ് അടക്കാനായില്ലെങ്കിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനങ്ങൾ അവതാളത്തിലാവും. തുക അടക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിൽ വ്യാഴാഴ്ച ചർച്ച നടത്തി.
ഒരാഴ്ചക്കുള്ളിൽ പണം അടക്കാമെന്നാണ് കെൽട്രോൺ അറിയിച്ചത്. ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍വരെ ഓടാന്‍ കഴിയുമെന്ന ഉറപ്പിൽ 2020ലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 65 ഇലക്ട്രിക് എസ്.യു.വികൾ മോട്ടോർ വാഹന വകുപ്പ് സ്വന്തമാക്കിയത്. ജില്ലയിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിനായി അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ, കണ്ണൂർ താലൂക്ക് തലത്തിൽ ഓരോന്ന് വീതവും ജില്ല തലത്തിലും സ്ക്വാഡുകളായാണ് നിരത്തിലെ പരിശോധന. ഇ-വാഹനങ്ങൾ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഇൻഷൂറൻസ് പ്രതിസന്ധി. ഇ-വാഹനങ്ങൾ ഒഴികെയുള്ളവക്ക് സർക്കാറാണ് ഇൻഷൂറൻസ് അടക്കുന്നത്. വാഹനങ്ങൾക്ക് ശരാശരി 150 കിലോമീറ്റർ മാത്രമാണ് ഓടാനാവുന്നതെന്നതും തലവേദനയാണ്.
സമതലമല്ലാതെ കയറ്റവും ഇറക്കവും നിറഞ്ഞ റോഡുകളാണെങ്കിൽ ഓടുന്ന ദൂരം വീണ്ടും താഴേക്കാവും. റോഡിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് വിഭാഗം ഇപ്പോൾ തന്നെ ഓടിയെത്തുന്നില്ല. താലൂക്ക് അടിസ്ഥാനത്തിൽ രണ്ട് വാഹനങ്ങളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പരിശോധന കാര്യക്ഷമമാകൂ. ഈ സാഹചര്യത്തിലാണ് ഇൻഷൂറൻസ് പ്രതിസന്ധിയിൽ നിലവിൽ കൈയിലുള്ള വാഹനങ്ങൾ പോലും നിരത്തിലിറക്കാനാവാത്ത സാഹചര്യമുണ്ടായത്. ഇ-വാഹനങ്ങളുടെ പരിപാലനം അടക്കം നടത്തുന്നത് കെൽട്രോൺ നേതൃത്വത്തിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.