കൊച്ചി: കടൽത്തീരത്തുനിന്ന് കൂടുതൽ വീടുകളും നിർമാണങ്ങളും പൊളിച്ചുനീക്കുന്നതിന് നോട്ടീസ് നൽകാൻ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. നിലവിൽ കവരത്തിയിൽ 107, സുഹേലി 22, ചെറിയം 18, കൽപേനി 19 എന്നിങ്ങനെ ഉടമകൾക്ക് നോട്ടീസ് നൽകി. നൂറോളം ആളുകൾക്ക് ഇനിയും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. ഇതിനുള്ള ഉടമകളുെട പട്ടിക തയാറായിട്ടുണ്ട്.
30നകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നേരിട്ടെത്തി പൊളിച്ചുനീക്കുമെന്നും അതിനുള്ള തുക കെട്ടിട ഉടമയിൽനിന്ന് ഈടാക്കുമെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതേസമയം, ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുമ്പോൾ നിയമപരമായി നേരിടാനാണ് ജനങ്ങളുടെ തീരുമാനം. നോട്ടീസ് ലഭിച്ചവർ നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നൽകിത്തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളും ഇതിന് സഹായം നൽകുന്നുണ്ട്.
സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ (ഐ.ഐ.എം.പി) ചൂണ്ടിക്കാട്ടിയാണ് കവരത്തിയിൽ വീടുകളും ശുചിമുറികളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഐ.ഐ.എം.പി പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികൾക്കും താൽക്കാലിക ഷെഡുകൾക്കും ഇളവുണ്ടെന്ന് ജനങ്ങൾ മറുപടി നൽകുന്നു. മാത്രമല്ല, 2012ൽ ഐ.ഐ.എം.പി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള വീടുകളാണ് തീരത്തുള്ളതിൽ ഭൂരിഭാഗമെന്നും അതിനാൽ മാനദണ്ഡം ബാധകമാകില്ലെന്നും അവർ വ്യക്തമാക്കുന്നു.
നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിരിക്കുന്നത് ബ്ലോക്ക് ഡെവലപ്െമൻറ് ഓഫിസർമാരാണ്. എന്നാൽ, തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിയാണെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ ഡോ. മുഹമ്മദ് സാദിഖ് ചൂണ്ടിക്കാട്ടുന്നു. നോട്ടീസ് നൽകിയിരിക്കുന്ന പല കെട്ടിടങ്ങളും 50 മീറ്ററിനുള്ളിൽ നിൽക്കുന്നവയാണെന്ന് ദ്വീപുവാസികൾ വ്യക്തമാക്കി. മുമ്പ് തീരത്തുനിന്ന് 50 മുതൽ 100 മീറ്റർ പരിധിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് പലതും. എന്നാൽ, കടലേറ്റത്തെ തുടർന്ന് കടലും കരയും തമ്മിലുള്ള അകലം കുറയുകയായിരുന്നു.
കവരത്തിയൊഴികെയുള്ള ദ്വീപുകളിൽ തീരത്തെ നിർമാണങ്ങൾക്ക് മാത്രമല്ല, അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നിരവധി മറ്റ് ഷെഡുകളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കർഷകർ നാളികേരം സൂക്ഷിക്കാനും മത്സ്യത്തൊഴിലാളികൾ സാമഗ്രികൾ സംരക്ഷിക്കാനും തയാറാക്കിയിട്ടുള്ള താൽക്കാലിക ഷെഡുകളാണെന്നും അവർ കൂട്ടിച്ചേർത്തു.
റോഡ് വികസനത്തിെൻറ പേരുപറഞ്ഞ് പല ദ്വീപിലും കെട്ടിടങ്ങൾ പൊളിക്കാൻ നോട്ടീസ് നൽകുന്നതായും വിവരമുണ്ട്. അധികൃതരുടെ ജനവിരുദ്ധ നയങ്ങളെ നിയമപരമായി നേരിടുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു.
ലക്ഷദ്വീപ് സന്ദര്‍ശിക്കാൻ അനുമതി നിഷേധിക്കുന്ന ഭരണകൂടത്തിെൻറ നടപടി ചോദ്യം ചെയ്ത് ഇടത് എം.പിമാരുടെ ഹരജി. ക്വാറൻറീനിൽ കഴിയണമെന്ന പേരിൽ എം.പിമാരുടെ യാത്ര വൈകിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി എം.പിമാരായ എളമരം കരീം, വി.ശിവദാസന്‍, എ.എം. ആരിഫ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.
ലക്ഷദ്വീപിൽ വിവാദനിയമങ്ങള്‍ പാസാക്കി നടപ്പാക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനത്തിന് ഭരണകൂടത്തിെൻറ അനുമതി തേടിയതെന്ന് ഹരജിയിൽ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ് എം.പിമാര്‍ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.