ശക്തിധരന്റെ ആരോപണം സ്വയം എരിഞ്ഞടങ്ങും;​ ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗം -എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ശക്തിധരന്റെ ആരോപണം സ്വയം എരിഞ്ഞടങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തിധരന്‍ പറഞ്ഞതൊന്നും സി.പി.എം മുഖവിലക്കെടുക്കുന്നില്ല. അവരെല്ലാം സി.പി.എം വിരുദ്ധ ചേരിയിലെ ഏറ്റവും വലതുപക്ഷത്തു നിൽക്കുന്നവരാണ്. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും സുധാകരനെയും വി.ഡി സതീശനെയും രക്ഷിക്കുന്നതിനുള്ള പ്രചാരവേലകൾ മാത്രമാണെന്നും ​ഗോവിന്ദൻ പറഞ്ഞു.

ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണ്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കാനും ഫാഷിസത്തിലേക്ക് രാജ്യത്തെ നയിക്കാനുമാണ് ആർ.എസ്.എസ്-സംഘ്പരിവാർ ശ്രമം. ഇതിനെ ശക്തമായി എതിർക്കേണ്ടതുണ്ട്. മതനിരപേക്ഷ ഇന്ത്യയും ഭരണഘടനയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ഇതിനെതിരെ ശക്തമായ പോരാട്ടത്തിന് വരേണ്ട സമയമായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. വർഗീയവാദികളല്ലാത്ത ജനാധിപത്യ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും ഇതിൽ പ​ങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കളവാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യം ആരെങ്കിലും വിളിച്ച് പറയുക, ദൃശ്യമാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും പ്രചാരണമായി മാറുക, അടുത്ത ദിവസം പത്രമാധ്യമങ്ങൾ അത് ഏറ്റെടുക്കുക, അതിന്റെ മേൽ ചർച്ച സംഘടിപ്പിക്കുക ഇതാണ് കുറേ കാലമായി തുടരുന്നത്. പുതിയ വിവാദം വരുന്നത് വരെ ഈ നുണകൾ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നതാണ് കേരളത്തിലെ ഇന്നത്തെ രീതി. മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ നിലവാരവും കൈയൊഴിഞ്ഞുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് കോടതി അടുത്തിടെയായി രണ്ടുതവണ നിലപാടെടുത്തത്. 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ ​ നേട്ടങ്ങളെ തമസ്കരിച്ച് അന്യ സംസ്ഥാന ലോബികളെ സഹായിക്കാനുള്ള നീക്കങ്ങളാണ് വിവിധ മേഖലകളിൽ നടന്നുവരുന്നത്. എസ്.എഫ്.ഐക്കെതിരെ മാധ്യമ വേട്ട നടക്കുന്നു. സംസ്ഥാന സെക്രട്ടറി ആർഷോക്കെതിരായ പ്രചാരണം അവസാനിപ്പിക്കേണ്ടിവന്നു. അതിന് ശേഷം ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് സംഘടനക്കെതിരെ കടന്നാക്രമണം നടന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും സർക്കാരിനും എതിരായ ആസൂത്രിത പ്രചാരണത്തിന് ഇവന്റ് മാനേജ്മെന്റ് സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ഇത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു. ഇവര്‍ സൃഷ്ടിക്കുന്ന വാചകങ്ങളാണ് വലതുപക്ഷ ശക്തികളുടെ പോസ്റ്ററുകളില്‍ പോലും നിറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - Move to implement Uniform Civil Code is Hindutva agenda - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.