തിരുവനന്തപുരം: ഇ-ബസുകളുടെ 10 രൂപ നിരക്കിനെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്തെത്തിയതിന് പിന്നാലെ നിരക്കുയർത്താൻ കെ.എസ്.ആർ.ടി.സി നീക്കം. നിലവിൽ തലസ്ഥാന നഗരത്തിൽ സിറ്റി സർക്കുലറായി ഓടുന്ന ഇലക്ട്രിക് ബസുകൾക്കെല്ലാം പത്ത് രൂപയാണ് നിരക്ക്.
എന്നാൽ സിറ്റി സർക്കുലർ ഇ-ബസുകളിൽ ചിലത് ‘പോയന്റ് ടു പോയന്റ് ഇ-ബസ്’ എന്ന പേരിൽ പേരുമാറ്റി നിരക്കുയർത്താനാണ് നീക്കം. പോയന്റ് ടു പോയന്റ് സർവിസുകളിൽ സ്ഥലമനുസരിച്ച് നിരക്ക് മാറും. ഗണേഷ്കുമാറിന്റെ പരാമർശങ്ങൾക്കെതിരെ ആദ്യം വിയോജിപ്പുയർത്തിയ വി.കെ. പ്രശാന്ത് എം.എൽ.എയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പേരൂർക്കട ഡിപ്പോയിലാണ് ആദ്യ പരിഷ്കരണമെന്നതും പ്രത്യേകത. സാധാരണ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന മെഡിക്കൽ കോളജ് റൂട്ടിലടക്കമുള്ള ബസുകൾ വരെ പോയന്റ് ടു പോയന്റ് ഇ-ബസുകളിലാക്കിയിട്ടുണ്ട്. 30 രൂപക്ക് ഒരു ദിവസം നഗരത്തിൽ സഞ്ചരിക്കാവുന്ന ടുഡെ ടിക്കറ്റും പോയന്റ് ടു പോയന്റ് സർവിസുകളിൽ അനുവദിക്കില്ല.
ഇലക്ട്രിക് ബസുകൾക്കെതിരെ ഗതാഗതമന്ത്രി രംഗത്തെത്തിയെങ്കിലും ഏകപക്ഷീയമായി മന്ത്രിക്കും തീരുമാനമെടുക്കാനാവില്ല. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം കോർപറേഷൻ 115 ബസുകൾ കെ.എസ്.ആർ.ടി.സിക്ക് വാങ്ങിനൽകുന്നത്. ഇതിൽ 60 ബസുകൾ സർവിസ് നിരത്തിലുണ്ട്. 20 ബസുകളും രണ്ട് ഡബിൾ ഡക്കർ ബസുകളും കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. ഇനി 53 ബസുകൾകൂടി വാങ്ങിനൽകും. ഇതിൽ 102 ബസുകളുടെ തുകയും സ്മാർട്ട് സിറ്റി കൈമാറിക്കഴിഞ്ഞു.
ഹരിത നയത്തിന്റെ ഭാഗമായും നഗരത്തിലെ ചെറു റോഡുകളിലെ തിരക്കൊഴിവാക്കാനുമാണ് ഇ-വാഹനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകാൻ കോർപറേഷൻ തീരുമാനിച്ചത്. വാഹനങ്ങൾ കൈമാറുമ്പോൾ ഇതുസംബന്ധിച്ച് കോർപറേഷനും കെ.എസ്.ആർ.ടി.സിയുമായി കരാർ ഉണ്ടാക്കിയിട്ടുമുണ്ട്. നിരക്കുവർധനയടക്കം നടത്താൻ കോർപറേഷനുമായി ചർച്ച നടത്തണം. നേരത്തേ കുറഞ്ഞ നിരക്ക് തീരുമാനിച്ചതും കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തിയാണ്.
തലസ്ഥാന നഗരത്തെ ആദ്യ ഹരിത നഗരമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കോർപറേഷൻ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം ബസുകൾ വാങ്ങിനൽകാൻ തീരുമാനിച്ചത്. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണി കരാർ സഹിതമാണ് ഇ-ബസുകൾ വാങ്ങുന്നത്.
കെ.എസ്.ആർ.ടി.സിയുടെ മറ്റ് സർവിസുകൾ പ്രധാന പാതകളിലൂടെ മാത്രമോടുമ്പോൾ നഗരത്തിന്റെ മുക്കും മൂലകളുമടക്കം എല്ലാ മേഖലകളും ബന്ധിപ്പിച്ചാണ് സിറ്റി സർവിസുകളായുള്ള ഇ-ബസുകളുടെ സഞ്ചാരം. സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാരാണ് ഇത്തരം ബസുകളെ പ്രധാനമായും ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.