കോഴിക്കോട്: ഹൈദരലി തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ചുമതല നൽകിയുള്ള ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്. 2021 മാർച്ച് അഞ്ചിനാണ് ഹൈദരലി തങ്ങൾ സ്വന്തം കൈപ്പടയിൽ മുഈനലിക്ക് കത്തെഴുതിയത്. ചന്ദ്രികയിലെ ഫിനാൻസ് മാനേജർ സമീറടക്കമുള്ളവരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കണമെന്നും കത്തിലുണ്ട്.
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം പി.കെ. കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് മുഈനലി തങ്ങൾ ഇന്നലെ ആരോപിച്ചിരുന്നു. പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആേരാപണങ്ങളുടെ നിജഃസ്ഥിതി വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ലീഗിെൻറ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായോടൊപ്പം പങ്കെടുത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആഞ്ഞടിച്ചത്.
40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം പലതവണ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിന് കണക്കില്ല. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈനലി വികാരാധീനനായി വിശദീകരിച്ചിരുന്നു.
പാർട്ടി രക്ഷപ്പെടണമെങ്കിൽ കാതലായ പുനർവിചിന്തനം ആവശ്യമാണ്. പഴയ അവസ്ഥയിലേക്ക് പാർട്ടിയെ തിരികെ കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് ആരും മുന്നിട്ടിറങ്ങിയില്ലെങ്കിൽ പിതാവിെൻറ അവസ്ഥയാവും ഉണ്ടാവുക. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരം സാമ്പത്തിക ആരോപണത്തിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ലെന്നും മുഈനലി ചൂണ്ടിക്കാട്ടിയിരുന്നു.
ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മുഈനലിക്ക് പിതാവ് ചുമതല നൽകിയതോടെയാണ് ഇവിടത്തെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കിയതെന്നാണ് വിവരം. ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കവെ റാഫി പുതിയകടവ് എന്നയാൾ മുഈനലിക്കെതിരെ അസഭ്യവർഷം നടത്തിയിരുന്നു. ചന്ദ്രികയുടെ കാര്യത്തിൽ മുഈനലിക്ക് ഇടപെടാൻ എന്താണ് അധികാരമെന്നുള്ള ആക്ഷേപവും ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവന്ന കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.