തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി മങ്കിപോക്സ് (എംപോക്സ്) സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്നെത്തിയ 38കാരനായ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എടവണ്ണ ഒതായി സ്വദേശിയായ ഇയാൾ ചൊവ്വാഴ്ച മുതൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനക്കയച്ച സാമ്പിളിന്‍റെ ഫലം ഇന്നാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയെങ്കിലും യുവാവ് അധികമാരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് വിവരം.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മാത്രം എംപോക്സ് കേസാണിത്. വിദേശത്തുനിന്ന് എത്തുന്നവർ രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
കടുത്ത പനിയും ശരീരത്തിൽ ചിക്കൻപോക്സിനു സമാനമായ കുമിളകളും കണ്ടതോടെയാണ് യുവാവ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. എംപോക്സ് ആകാമെന്ന സംശയത്തേത്തുടർന്ന് അഡ്മിറ്റ് ആക്കുകയും സ്രവം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പരിശോധനക്ക് അയക്കുകയുമായിരുന്നു. യുവാവിന്‍റെ വീട്ടുകാരെ നിലവിൽ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും വൈകാതെ പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
എന്താണ് എംപോക്സ്?
നേരത്തെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. ഇപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്.
രോഗപ്പകര്‍ച്ച
കോവിഡ്, എച്ച്1 എന്‍1പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്. രോഗം ബാധിച്ചവരുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് തൊടുക, ലൈംഗികബന്ധം, കിടക്കയോ വസ്ത്രമോ തൊടുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുക. പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നിവിടങ്ങളിലും ഇവ കാണാം.
പ്രതിരോധം
അസുഖബാധിതരായ ആള്‍ക്കാരുമായി സുരക്ഷ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്നവര്‍ക്കാണ് എംപോക്സ് പകരുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയവരെ പരിചരിക്കുന്നവരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ നിർബന്ധമായും സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.