കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ്. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ കല്ല്യാണ്‍ സില്‍ക്‌സ് അറിയിച്ചു.
മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികൾ നിർമിച്ചു നൽകുവാൻ ആയിട്ടാണ് തങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കുകയും സാരി ഒന്നിന് 390 രൂപ നിരക്കിൽ സംഘാടകർക്ക് യഥാസമയം കൈമാറിയെന്നും കല്ല്യാൺ സിൽക്സ് വ്യക്തമാക്കി.
പിന്നീടാണ് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്ന് അറിയുന്നത്. ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു പ്രവർത്തിക്കുന്ന സ്‌ഥാപനം എന്ന നിലയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ കടുത്ത അതൃപ്‌തി ഉണ്ടെന്നും കല്ല്യാൺ സിൽക്സ് അറിയിച്ചു.
കല്ല്യാണ്‍ സില്‍ക്‌സിന്‍റെ വാര്‍ത്താക്കുറിപ്പ്
ഡിസംബർ 29, 2024 കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ മൃദംഗ വിഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മൃദംഗ നാദം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ വ്യക്തത വരുത്തുവാനാണ് കല്യാൺ സിൽക്സ് ഈ അറിയിപ്പിലൂടെ ഉദ്ദേശിക്കുന്നത്. കലാരംഗത്തുള്ള പുത്തൻ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാൺ സിൽക്സിന്റെ രീതിയാണ്.
കല്യാൺ സിൽക്സ് കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികൾ നിർമ്മിച്ചു നൽകുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്.
ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്‌ഥാപനം എന്ന നിലയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് കടുത്ത അതൃപ്‌തി ഉണ്ട്. കല്യാൺ സിൽക്സും സംഘാടകരും തമ്മിൽ നടന്നത് തികച്ചും വാണിജ്യപരമായ ഇടപാട് മാത്രമാണ്. അതിനാൽ ഇത്തരം വിവാദങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴക്കരുത് എന്ന് താഴ്‌മയായി അപേക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.