എം.എസ്.എഫും യൂത്ത് ലീഗും ദേശീയ തലത്തിലേക്ക്




ന്യൂഡല്‍ഹി: പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി മുസ്ലിം യൂത്ത് ലീഗും എം.എസ്.എഫും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.ഇതുമായി ബന്ധപ്പെട്ട് എം.എസ്.എഫിന്‍െറ പ്രഥമ ദേശീയ കമ്മിറ്റി മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ ചേരുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റ് ടി.പി. അശ്റഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ കമ്മിറ്റിയുണ്ടാക്കിയ സമ്മേളനത്തില്‍ 19 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു. ഇതില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കമ്മിറ്റിയിലുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, പോണ്ടിച്ചേരി എന്നിവിടങ്ങളിലെല്ലാം ഇതിനകം ഘടകങ്ങളുണ്ടാക്കിയ എം.എസ്.എഫ് അലീഗഢ് സര്‍വകലാശാലയിലും ഇതിനായി യോഗം വിളിച്ചിരുന്നു. ഡല്‍ഹിയില്‍ എം.എസ്.എഫിനും യൂത്ത് ലീഗിനും അഖിലേന്ത്യ ഓഫിസ് ഉടന്‍ തുറക്കും.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്‍െറ മരണത്തില്‍ പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് എം.എസ്.എഫ് അഖിലേന്ത്യ കമ്മിറ്റി പാര്‍ലമെന്‍റ് ധര്‍ണ സംഘടിപ്പിക്കും.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനക്കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് അശ്റഫലി ആവശ്യപ്പെട്ടു. നജീബിനെ ആക്രമിച്ചവര്‍ ഒരുതരത്തിലുള്ള വിലക്കുമില്ലാതെ ജെ.എന്‍.യുവില്‍ കഴിയുമ്പോള്‍ ബദായുനിലെ നജീബിന്‍െറ വീട് റെയ്ഡ് ചെയ്ത് ഉമ്മയെ ആക്രമിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.

അന്വേഷണത്തില്‍ ഡല്‍ഹി പോലിസ് പരാജയപ്പെട്ട സാഹചര്യത്തില്‍ സി.ബി.ഐ ഏറ്റെടുക്കണം.അതിന് തയാറായില്ളെങ്കില്‍ രാജ്യവ്യാപകമായി എം.എസ്.എഫ് പ്രക്ഷോഭം സംഘടിപ്പിക്കും. ജെ.എന്‍.യുവില്‍ ഗവേഷണമേഖലയെ തകര്‍ക്കുന്ന തരത്തില്‍ അക്കാദമിക് കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ക്കെതിരെ നടത്തുന്ന സമരത്തെ എം.എസ്.എഫ് പിന്തുണക്കും. നിലവിലുള്ള സാഹചര്യത്തില്‍ മുസ്ലിം യൂത്ത് ലീഗിന് അഖിലേന്ത്യ തലത്തില്‍ മികച്ച സാധ്യതയാണ് കാണുന്നതെന്ന് ദേശീയതലത്തില്‍ യൂത്ത് ലീഗിന്‍െറ വ്യാപനത്തിന് ചുമതലയേല്‍പിക്കപ്പെട്ട ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി സുബൈര്‍ പറഞ്ഞു. ഏപ്രില്‍ മാസം യൂത്ത് ലീഗ് അഖിലേന്ത്യ കമ്മിറ്റി ചേരും.

 

Tags:    
News Summary - msf and youth legue into national level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.