കോഴിക്കോട്: ഹരിത സംസ്ഥാന കമ്മറ്റിയെ മരവിപ്പിച്ച മുസ്ലിംലീഗ് നടപടിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി മിന ഫർസാന. എം.സ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെതിരെ മുസ്ലിംലീഗ് നേതൃത്വത്തിന് പലതവണ നേരിലും പരാതി നൽകിയും വിഷയം അവതരിപ്പിച്ചെങ്കിലും തികച്ചും തണുപ്പൻ പ്രതികരണവും മുടന്തൻ ന്യായങ്ങളുമായിരുന്നു നൽകിയതെന്ന് മിന ഫർസാന പറഞ്ഞു. കോഴിക്കോട് ഫാറൂഖ് കോളജിെൻറ ചരിത്രത്തിലെ ആദ്യത്തെ വനിത ചെയർപേഴ്സൺ ആയിരുന്നു മിന ഫർസാന.
മിന ഫർസാന പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
അതേടോ, ഞങ്ങളൊക്കെ ഫെമിനിസ്റ്റാണ്. അതിൽ അഭിമാനിക്കുന്നുണ്ട്. ഫെമിനിസത്തിന്റെ അർത്ഥം അറിയാതെ അതെന്തൊ വലിയ പ്രശ്നം ആണെന്നുള്ള ധാരണ തന്നെ നിങ്ങളുടെയൊക്കെ നിലവാര തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.
ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഒരു വിഭാഗത്തിന്റെയോ കമ്മറ്റിയുടേയോ പ്രശ്നവുമല്ല. തികച്ചും വ്യക്തികളുടെ മനോഭാവമാണ്. മെയിൽ ഷോവനിസം എന്നൊക്കെ പറഞ്ഞ് ക്ലീഷേ വൽക്കരിക്കുന്നില്ല. എന്താണ് സംഭവം, സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെയുള്ളതിന് ഒരു വിശദീകരണം തരാം.
വാക്കുകൾ കൊണ്ടും, നോട്ടം കൊണ്ടും, അധികാരം കൊണ്ടും പലപ്പോഴും ഹരിത അരികുവൽകരിക്കപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം ക്ഷമിക്കുകയും, സഹിക്കുകയും ചെയ്യുകയായിരുന്നു. ഇന്നിപ്പോൾ ക്ഷമയുടെ അപ്പുറത്താണ് വാക്കുകളും അവയുടെ ഉപയോഗങ്ങളും. വ്യക്തിപരമായി വേദനിപ്പിക്കുന്ന പ്രയോഗങ്ങളായതു കൊണ്ടാണ് ഹരിതക്കൊപ്പം നിൽക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്ന മെസേജുകളും, ഫോൺ കോളുകളും ഇങ്ങനെയൊക്കെയാണ്,
'പാർട്ടിക്കകത്ത് പറയേണ്ടത് എന്തിന് പുറത്ത് പറഞ്ഞു?'
'നിങ്ങൾക്ക് ഇങ്ങനെ ഓരോന്ന് കാണിച്ചു വച്ചാൽ മതി, ഉത്തരം പറയേണ്ടത് ഞങ്ങൾ അണികളാണ്'
'പാർട്ടി പറയുന്നത് അനുസരിക്കാൻ പഠിക്കണം'
'ഹരിതയും കണക്കാണ്, എം എസ് എഫ് ഉം കണക്കാണ്.'
'അതൊരു പ്രയോഗം അല്ലേ, intentionally പറഞ്ഞതാകൂല്ല'
'ധൈര്യത്തോടെ മുന്നോട്ടു പോകുക' എന്നു പറഞ്ഞ് കൂടെ നിന്നവരോട് ഒത്തിരി സ്നേഹം.
പ്രിയപ്പെട്ടവരേ,
ജനാധിപത്യത്തിൽ വിശ്വസിക്കുന്നത് അത് നീതിപരമായതു കൊണ്ടാണ്. എങ്ങിനെയാണ് നേതൃത്വത്തിലുള്ളവർ പോലും ജനാധിപത്യ വിരുദ്ധമായി വന്ന കമ്മിറ്റിയെ അംഗീകരിക്കുന്നത്. (ഇത് ഇവിടെ പറയുന്നത് പ്രത്യക്ഷത്തിലെ പ്രശ്നങ്ങളുടെ തുടക്കം മലപ്പുറം ജില്ലാ ഹരിത കമ്മറ്റിയുടെ രൂപീകരണത്തിൽ നിന്നുമാണ്) അവിടെയും ഹരിതക്ക് നീതി ലഭിച്ചില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. പ്രസ്തുത പ്രശ്നം സംസാരിക്കുന്ന മീറ്റിംഗിലായിരുന്നു എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അത്തരമൊരു പ്രയോഗം നടത്തുന്നത്. ശേഷം നേതൃത്വത്തെ പലതവണ നേരിൽ കണ്ടും, പരാതി നൽകിയും എല്ലാം വിഷയം അവതരിപ്പിച്ചെങ്കിലും തികച്ചും തണുപ്പൻ പ്രതികരണവും മുടന്തൻ ന്യായങ്ങളുമായിരുന്നു നൽകിയത്. പ്രശ്നം പരിഹാരം കാണാതെ നീണ്ടുപോകുന്നത് കണ്ടപ്പോൾ പലതവണ 'ഞങ്ങൾ വനിതാ കമ്മീഷന് പരാതി നൽകും' എന്ന് നേതൃത്വത്തെ അറിയിച്ചതുമാണ്. 'നീതി ലഭ്യമാകും' എന്ന സലാം സാഹിബിന്റെ വാക്കുകൾക്ക് ഞാൻ മറുപടി പറഞ്ഞത് ഓർക്കുന്നു 'വൈകി വരുന്നത് നീതിയല്ല, അനീതിയാണ്'. പരാതിയിൽ പറയപ്പെട്ടവർക്കെതിരെ പാർട്ടി കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യംവെക്കുന്ന ഈ പ്രസ്താനം എടുക്കുന്ന എക്കാലത്തേയും മികച്ച നിലപാടായിരുന്നേനെ അത്. ഇതൊക്കെ നടപടി എടുക്കാനും മാത്രം ഉണ്ടോ...? ഉണ്ട്, കാരണം അത്രക്കുള്ള സ്പോർട്സ്മാൻ സ്പിരിറ്റൊന്നും തൽക്കാലം ഞങ്ങൾക്കില്ല.
ഏറെ വിഷമം തോന്നിയ ഒരു കാര്യം, അത്രയും ഗുരുതരമായ പ്രയോഗമായിട്ടുപോലും, പാർട്ടിക്ക് കീഴ്പ്പെട്ട് പരാതി പിൻവലിക്കാൻ വേണ്ടി പറയുന്നവരുടെ മനോഭാവത്തിലെ male ego എത്രത്തോളം toxic ആണെന്നുള്ളതാണ്. അവസാനിപ്പിക്കുകയാണ്, കൃത്യമായ ഒരു നിലപാടെടുക്കാതെ പാർട്ടിക്കൊപ്പമാണെന്ന് പറയുന്നവരോടാണ്, you don't need to be a 'Feminist' to think rational and logical".
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.