മലപ്പുറം: വളാഞ്ചേരിയില്‍ ദലിത് വിദ്യാര്‍ഥിനി ദേവിക തീകൊളുത്തി മരിക്കാൻ കാരണം സര്‍ക്കാര്‍ വീഴ്ചയാണെന്നാരോപിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. ദേശീയ സെക്രട്ടറി എന്‍.എ. കരീമും സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസും ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു. എട്ടുപേരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ കോട്ടപ്പടിയിലെ ഡി.ഡി.ഇ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ഒരുങ്ങിയതോടെ പൊലീസ് തടഞ്ഞു. തുടർന്ന് ഏറെനേരം ഉന്തും തള്ളുമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണം വിട്ടതോടെ സി.ഐ എ. പ്രേംജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് ലാത്തിവീശുകയായിരുന്നു.
ചിലര്‍ റോഡില്‍ വീണിട്ടും ലാത്തിച്ചാർജ് തുടർന്നു. തലക്കും കാലിനുമടക്കം പരിക്കേറ്റവരെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവർ പിന്നീട് ഗവ. ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലൂടെയെത്തി പിറകുവശത്തെ വഴിയിലൂടെ ഡി.ഡി.ഇ ഓഫിസിലേക്ക് കയറാനും ശ്രമിച്ചു. കോമ്പൗണ്ടിലേക്ക് കടന്ന പൊലീസ് ഇവരെയും ആട്ടിയോടിച്ചു.
20 മിനിറ്റോളം സംഘര്‍ഷഭരിതമായിരുന്നു കോട്ടപ്പടി നഗരം. പരിക്കേറ്റ ജില്ല ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, സെക്രട്ടറി കെ.എം. ഇസ്മാഈല്‍, ഷബീര്‍ കോഡൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയ സെക്രട്ടറി എന്‍.എ. കരീം, സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മറ്റ് ഭാരവാഹികളായ ശറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, അഷ്ഹര്‍ പെരുമുക്ക്, വി.എ. വഹാബ്, പി.എ. ജവാദ്, ഷബീര്‍ പൊന്മള എന്നിവരെ മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജില്ല വര്‍ക്കിങ് പ്രസിഡൻറ് ഹക്കീം തങ്ങള്‍, മുറത്ത് പെരിന്തല്‍മണ്ണ, ടി.പി. നബീല്‍, വി.എം. ജുനൈദ്, ജസീല്‍ പറമ്പന്‍, അഫ്‌ലഹ്, സഹല്‍, ഹാഫിദ് പരി എന്നിവരെ അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ്, കെ.എസ്.യു, കാമ്പസ് ഫ്രണ്ട് സംഘടനകളും പ്രതിഷേധ മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.