എം.ടിയുടെ വിടവാങ്ങൽ ജീവചരിത്രം പ്രകാശിതമാകും മുമ്പേ...

കോഴിക്കോട്: കാവ്യാത്മക വാക്കുകളുടെ വിനിമയത്താൽ മലയാള സാഹിത്യം സമ്പന്നമാക്കിയ സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർ വിടവാങ്ങിയത് ജീവചരിത്രം പ്രകാശിതമാകും മുമ്പേ. നിരവധി പേരെ എഴുത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയർത്തുകയും അനേകായിരങ്ങളെ സാഹിത്യകൃതികളുടെ വായനലോകത്തേക്ക് ആകർഷിക്കുകയും ചെയ്ത എം.ടിക്ക് ആത്മകഥയെഴുതാനോ ജീവചരി​ത്ര പുസ്തകം വേണമെന്നതിലോ ഒട്ടും താൽപര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ എഴുത്തുകാരൻ എം.എം. ബഷീറാണ് ജീവചരിത്രം എന്ന വിഷയം എം.ടിക്കുമുന്നിൽ വീണ്ടും അവതരിപ്പിച്ചത്. തന്നെക്കുറിച്ച് നിരവധി രചനകളുണ്ടായതിനാൽ ഇനി​യും വേണ്ടെന്ന നിലപാട് ആദ്യം ആവർത്തിച്ചെങ്കിലും പിന്നീട് വഴങ്ങി. തുടർന്നാണ് തന്റെ ശിഷ്യ ഗണങ്ങളിലൊരാൾ കൂടിയായ സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാറിനെ ജീവചരിത്രമെഴുതാൻ ചുമതലപ്പെടുത്തിയത്.

ജീവചരിത്ര രചനക്കായി രണ്ടുവർഷത്തോളമായി താൻ എം.ടിയുടെ പിന്നാലെയുണ്ടെന്നും ജനുവരിയോടെ രചന പൂർത്തിയാക്കുമെന്നും ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. എം.ടി താമസിച്ച ഫ്ലാറ്റിലേക്ക് ദിവസവും വൈകീട്ട് പോയി ഒന്നരമണിക്കൂർ വ​രെ സംസാരിച്ച് എല്ലാം കുറിച്ചെടുക്കുകയായിരുന്നു. രചനയു​ടെ 90 ശതമാനത്തോളം പൂർത്തിയായി. എം.ടിയുടെ 91ാം പിറന്നാളിനാണ് സമഗ്രാമായൊരു ജീവചരിത്രത്തിന്റെ പ്രഖ്യാപനം വന്നത്. 92 ാം പിറന്നാൾ നടക്കുന്ന 2025 ആഗസ്റ്റിൽ പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് അറിയിച്ചത്. അതു മുൻനിർത്തിയാണ് വേഗത്തിൽ രചന നിർവഹിച്ചത്. എന്നാൽ, എഴുതിയേടത്തോളം ഭാഗം അദ്ദേഹത്തെ വായിച്ച് കേൾപ്പിക്കാനായില്ല. അപ്പോഴേക്കും അവശനിലയിലായിരുന്നു. എം.ടിയുടെ ജീവചരിത്രത്തിന് ആരെക്കൊണ്ട് അവതാരികയെഴുതിക്കും എന്നചോദ്യത്തിനുത്തരം ലഭിക്കാത്തതോടെ അവതാരിക തന്നെ ഒഴിവാക്കി. ‘എം.ടി. വാസുദേവൻ നായർ ജീവചരിത്രം’ എന്ന് നാമകരണം ചെയ്ത പുസ്തകം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യണമെന്ന ആഗ്രഹം സഫലമായില്ല എന്നതാണ് ഏറ്റവും വലിയ​ വേദനയെന്നും അദ്ദേഹം പറഞ്ഞു.

1993 മുതൽ നാലുവർഷം എം.ടിക്കുകീഴിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലിചെയ്തയാൾ കൂടിയാണ് ഡോ.കെ. ശ്രീകുമാർ. അന്നേ എം.ടി.യുടെ കരുതലും സ്നേഹവും ശ്രീകുമാറിന് ലഭിച്ചിരുന്നു. പിന്നീട് തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ കോഓഡിനേറ്റർ പദവിയിലേക്ക് ശ്രീകുമാറിനെ ക്ഷണിച്ചതും എം.ടിയാണ്.

കഴിഞ്ഞവർഷം ‘സാദരം എം.ടി ഉത്സവം’ എന്ന പേരിൽ തുഞ്ചൻപറമ്പിൽ അഞ്ചുദിവസങ്ങളിൽ നടന്ന എം.ടിയുടെ നവതിയാഘോഷത്തിന്റെ മുഖ്യസംഘാടകനും ഡോ. കെ. ശ്രീകുമാറായിരുന്നു.

Tags:    
News Summary - MT's farewell before the biopic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.