കെ.എന്‍.എം: നിലവിലെ ഭാരവാഹികള്‍ തുടരും; പോഷകഘടകങ്ങളില്‍ മടവൂര്‍ വിഭാഗത്തിന് പ്രാമുഖ്യം


കോഴിക്കോട്: മുജാഹിദ് വിഭാഗങ്ങളുടെ ലയനത്തോടെ പദവികള്‍ വിഹിതം വെക്കുന്നതു സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ഏകദേശ ധാരണയായി. മാതൃസംഘടനയായ കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഭാരവാഹികളില്‍ വലിയ മാറ്റമുണ്ടാകില്ല. ഒൗദ്യോഗിക വിഭാഗത്തിനായിരിക്കും പ്രാമുഖ്യം. അതേസമയം, മുജാഹിദ് യുവജന സംഘടനയായ ഐ.എസ്.എം (ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍), വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം (മുജാഹിദ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ്) എന്നിവയില്‍ മടവൂര്‍ വിഭാഗത്തിനായിരിക്കും പ്രാമുഖ്യമുണ്ടാവുക. കെ.എന്‍.എം പ്രസിഡന്‍റായി ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറിയായി പി.പി. ഉണ്ണീന്‍കുട്ടി മൗലവിയും ട്രഷററായി നൂര്‍ മുഹമ്മദ് നൂരിഷയും തുടരും. മടവൂര്‍ വിഭാഗത്തിലെ എം. സലാഹുദ്ദീന്‍ മദനിക്കും എ. അസ്ഗറലിക്കും സഹഭാരവാഹിത്വം നല്‍കും. കെ.എന്‍.എം സംസ്ഥാന എക്സിക്യൂട്ടിവ് മടവൂര്‍ വിഭാഗത്തെയും കൂടി ഉള്‍ക്കൊള്ളിച്ച് പുന$ക്രമീകരിക്കും. 35 അംഗ എക്സിക്യൂട്ടിവാണ് ഇപ്പോള്‍ കെ.എന്‍.എമ്മിന് നിലവിലുള്ളത്. ഇത് അമ്പതംഗ എക്സിക്യൂട്ടിവ് ആക്കിയേക്കും.

മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യതുല്‍ ഉലമയുടെ (കെ.ജെ.യു) വര്‍ക്കിങ് പ്രസിഡന്‍റ് പദവി കെ.എന്‍.എം മടവൂര്‍ വിഭാഗം പ്രസിഡന്‍റായ സി.പി. ഉമര്‍ സുല്ലമിക്ക് നല്‍കും. കെ.ജെ.യു ഒൗദ്യോഗിക വിഭാഗം പ്രസിഡന്‍റായ മുഹ്യിദ്ദീന്‍ ഉമരിയും സെക്രട്ടറിയായ എം. മുഹമ്മദ് മദനിയും തല്‍സ്ഥാനങ്ങളില്‍ തുടരും.

യുവജനവിഭാഗമായ ഐ.എസ്.എം പ്രസിഡന്‍റ് സ്ഥാനം മടവൂര്‍ വിഭാഗത്തിലെ ഡോ. ജാബിര്‍ അമാനിക്ക് നല്‍കാനാണ് ധാരണ. ജന. സെക്രട്ടറി സ്ഥാനം ഒൗദ്യോഗിക വിഭാഗം ഐ.എസ്.എം പ്രസിഡന്‍റായ മജീദ് സ്വലാഹിക്കോ പി.കെ. സക്കരിയ സ്വലാഹിക്കോ നല്‍കും.
വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എമ്മിന്‍െറ പ്രസിഡന്‍റ് സ്ഥാനം മടവൂര്‍ വിഭാഗത്തിലെ നിലവിലെ പ്രസിഡന്‍റ് ജലീല്‍ മാമാങ്കരക്കായിരിക്കും.

ഒൗദ്യോഗിക വിഭാഗം എം.എസ്.എമ്മിന്‍െറ ജന. സെക്രട്ടറിയായ സിറാജ് ചേലേമ്പ്രക്കായിരിക്കും ജനറല്‍ സെക്രട്ടറി സ്ഥാനം. ഒൗദ്യോഗിക വിഭാഗം എം.എസ്.എമ്മിന്‍െറ പ്രസിഡന്‍റായ മുസ്തഫ തന്‍വീറിനും ട്രഷററായ മുഹമ്മദ് അമീറിനും പദവികളൊന്നുമുണ്ടാകില്ല. പീസ് സ്കൂള്‍ വിഷയത്തില്‍ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ നിലപാടെടുത്തതാണ് കാരണം. തന്‍െറ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്‍െറ പേരില്‍ മുഹമ്മദ് അമീറിനെതിരെ നവംബര്‍ എട്ടിന് ചേര്‍ന്ന കെ.എന്‍.എം എക്സിക്യൂട്ടിവ് നടപടിയെടുത്തിരുന്നു. പീസ് സ്കൂള്‍ വിഷയത്തിലും ഐ.എസിന്‍െറ പേരില്‍ മുജാഹിദ് പ്രവര്‍ത്തകരെ വേട്ടയാടുന്നതിലും നേതൃത്വം നിഷ്ക്രിയത്വം കാണിക്കുന്നതായി സൂചിപ്പിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍െറ പേരിലായിരുന്നു നടപടി.

ഈ മാസം 20ന് കോഴിക്കോട്ട് നടക്കുന്ന ഇരുവിഭാഗത്തിന്‍െറയും സംയുക്ത കൗണ്‍സിലിലാണ് ഭാരവാഹികളെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. കെ.എന്‍.എമ്മിന്‍െറ പ്രാദേശിക കമ്മിറ്റികള്‍ കാലാവധി തീരുന്നതുവരെയോ വിവിധ കോടതികളില്‍ കേസുകളില്‍ ഒത്തുതീര്‍പ്പാവുന്നതുവരെയോ നിലവിലുള്ള രീതിയില്‍ തുടരാനാണ് ധാരണയായിട്ടുള്ളത്. 

Tags:    
News Summary - mujahidin joining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.