ഗുരുവായൂർ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ മകൻ ആനന്ദിനൊപ്പം എത്തിയ അംബാനിയെ ക്ഷേത്രം മാനേജർ ആർ. പരമേശ്വരൻ സ്വീകരിച്ചു. മേൽശാന്തി മധുസൂദനന് നമ്പൂതിരി പ്രസാദം നൽകി. സോപാനപ്പടിയിൽ നെയ്യും കദളിപ്പഴവും സമർപ്പിച്ച് അംബാനി ഭഗവതിയെയും ഉപദേവന്മാരെയും തൊഴുതു. ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ എ. സുരേശൻ, പി.കെ. സുധാകരൻ എന്നിവർ അംബാനിയെ സ്വീകരിച്ചു.
റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭക്തർക്ക് വിശ്രമ കേന്ദ്രം, 100 പേരെ കിടത്തിച്ചികിത്സിക്കാവുന്ന സംവിധാനങ്ങൾ അടങ്ങിയ ആശുപത്രി, മേൽപത്തൂർ ഓഡിറ്റോറിയം പുതുക്കിപ്പണിയൽ എന്നീ ആവശ്യങ്ങൾ ഭരണസമിതി അംഗങ്ങൾ അംബാനിയുടെ ശ്രദ്ധയിൽപ്പെടുത്തി. 6.15ഓടെ അംബാനി ഗുരുവായൂരിൽനിന്ന് മടങ്ങി. ‘ഇസഡ്’ കാറ്റഗറി സുരക്ഷയുള്ള അംബാനിയുടെ സന്ദർശനം പ്രമാണിച്ച് എ.സി.പി പി.എ. ശിവദാസൻ, സി.ഐ യു.എച്ച്. സുനിൽദാസ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. സി.ആർ.പി.എഫ് കമാൻഡോകളും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.