കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് കൃത്യമായ അളവിൽ ജലം തുറന്നുവിടാതിരുന്നതുമൂലം ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക്. ചൊവ്വാഴ്ച പുലർച്ച 3.55നാണ് ജലനിരപ്പ് 142 അടിക്ക് മുകളിലെത്തിയത്. ഇതോടെ മുന്നറിയിപ്പില്ലാതെ ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത് പ്രദേശവാസികളെ ഭീതിയിലാക്കി.
തിങ്കളാഴ്ച അണക്കെട്ടിൽ 141.90 അടി ജലം നിലനിൽക്കേ സ്പിൽവേ ഷട്ടറുകൾ എല്ലാം അടച്ച തമിഴ്നാട് അധികൃതർ ഇടുക്കിയിലേക്ക് സെക്കൻഡിൽ 143 ഘന അടി ജലം മാത്രമാണ് തുറന്നുവിട്ടത്. മഴയെത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 7991 ഘന അടിയായി വർധിച്ചതോടെ രണ്ട് ഷട്ടർ പുലർച്ച മൂന്നിന് തുറന്നു. പിന്നീട്, നാല് മണിയായതോടെ രണ്ട് ഷട്ടർകൂടി തുറന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 1682 ഘന അടി ജലം ഒഴുക്കി. മണിക്കൂറുകളുടെ ഇടവേളയിൽ ജലനിരപ്പ് 142ൽ നിയന്ത്രിച്ചുനിർത്താൻ 7.30 ഓടെ ഒമ്പത് ഷട്ടർ തുറന്നു.
ഇതോടെ ഇടുക്കിയിലേക്ക് 3785.54 ഘന അടി ജലം ഒഴുകിത്തുടങ്ങി. ഇത് പിന്നീട് ഷട്ടറുകൾ കൂടുതൽ ഉയർത്തി സെക്കൻഡിൽ 4928 ഘന അടിയാക്കി വർധിപ്പിച്ചു. രാവിലെ ഒമ്പതിന് ജലം ഒഴുക്ക് 5691 ഘന അടിയാക്കി വർധിപ്പിച്ച ശേഷം ജലനിരപ്പിൽ കാര്യമായ കുറവില്ലാതിരുന്നിട്ടും ഉച്ചക്ക് 12.30ന് രണ്ട് ഷട്ടർ തമിഴ്നാട് അടച്ചു. വൈകീട്ട് ആറോടെ സ്പിൽവേയിലെ രണ്ട് ഷട്ടർ ഒഴികെ ബാക്കിയെല്ലാം അടച്ച് ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്നത് സെക്കൻഡിൽ 839 ഘന അടി മാത്രമാക്കി. വൈകീട്ട് ആറിന് 141.95 അടിയായിരുന്ന ജലനിരപ്പ് ഇടുക്കിയിലേക്ക് തുറന്നുവിട്ട ജലത്തിെൻറ അളവ് കുറച്ചതോടെ രാത്രി ഏഴിന് വീണ്ടും 142 അടിയിലെത്തി.
ചൊവ്വാഴ്ച രാത്രിയോടെ ആറു ഷട്ടറുകൾ തുറന്ന് സെക്കന്റിൻ 1500 ഘന അടി വെള്ളം ഒഴുക്കുന്നുണ്ട്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 6889 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് 2300 ഘന അടിയും ഇടുക്കിയിലേക്ക് 1500 ഘന അടിയുമാണ് ചൊവ്വാഴ്ച രാത്രി ഒഴുകുന്നത്.
ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പകൽ ഷട്ടറുകൾ അടക്കുകയും രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് വലിയതോതിൽ ജലം ഒഴുക്കുകയും ചെയ്യുന്നത് പതിവായതോടെ പെരിയാർ നദീതീരത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.