ന്യൂഡൽഹി: അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി മുന്നോട്ടുപോകാൻ കോൺഗ്രസിനെ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡൻറായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. അച്ചടക്കമുള്ള ഉൗർജിത പ്രവർത്തനമാണ് വേണ്ടത്. ചർച്ച ചെയ്യുന്നതും വിയോജിക്കുന്നതുമൊക്കെ ആഭ്യന്തര ജനാധിപത്യത്തിെൻറ ഭാഗമായി നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവരെ കണ്ട് കേരള കാര്യങ്ങൾ ചർച്ചചെയ്യാൻ തിരക്കിട്ട് ഡൽഹിയിലെത്തിയ മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പാർട്ടി ഏറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് കെ.പി.സി.സി പ്രസിഡൻറാകുന്നതെന്ന ബോധ്യത്തോടെ മുന്നോട്ടുപോകും. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കുറഞ്ഞ സമയം മാത്രമാണുള്ളത്. ബൂത്തുതലം മുതൽ ഒാരോ പ്രവർത്തകനെയും പാർട്ടിയുടെ അവിഭാജ്യഘടകമായി കാണും. ഒന്നും മോഹിക്കാതെ പാർട്ടിയിൽ കഴിയുന്നവർക്കൊപ്പമാണ് താൻ. വനിതകളും യുവാക്കളുമടക്കം എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളി ഇനി മത്സരിക്കില്ല
ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറായതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇതേക്കുറിച്ച വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് നേർക്കുനേർ മറുപടി അദ്ദേഹം പറഞ്ഞില്ല. എന്നാൽ, പുതിയ പദവി സമർപ്പിത സേവനം ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടകര മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
വർക്കിങ് പ്രസിഡൻറുമാരായ സാഹചര്യത്തിൽ എം.െഎ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഹൈകമാൻഡാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയശേഷം പ്രവർത്തന പരിപാടികൾക്ക് രൂപം നൽകും.
സ്ഥാനമേൽക്കുന്ന തീയതിയും അതിനുശേഷം തീരുമാനിക്കും. ഡൽഹിയിലെത്തിയ മുല്ലപ്പള്ളി വ്യാഴാഴ്ച എ.കെ. ആൻറണിയെ കണ്ടു. വെള്ളിയാഴ്ച രാഹുലിനെ കാണും. മുൻകാല കെ.പി.സി.സി പ്രസിഡൻറുമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവരുമായി മുല്ലപ്പള്ളി ഫോണിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.