തിരുവനന്തപുരം: മൂന്നാറിൽ അനധികൃതമായി ഭൂമി കൈയേറിയ ചെറുകിടക്കാരെയും വൻകിടക്കാരെയും ഒഴിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെയും ൈകയേറ്റക്കാരെയും ഒരുപോലെ കാണരുത്. മൂന്നാറിലെ തൊഴിലാളികളെയും, ചെറുകിട കച്ചവടക്കാരെയും കൈയേറ്റക്കാരായി കാണാനാകില്ല. ഒഴിപ്പിക്കൽ നടപടി സ്തംഭിപ്പിച്ചത് നിർഭാഗ്യകരമായിപ്പോയി.
പൊലീസ് റവന്യൂവകുപ്പുകൾ തമ്മിലുണ്ടായ തർക്കങ്ങളാണ് ഇതിനു കാരണമായത്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്തംഭനത്തിനു കാരണമായി. എം.എൽ.എമാരുടെയും, എം.പിമാരുടെയും ൈകയേറ്റങ്ങൾ ആദ്യം ഒഴിപ്പിക്കണം. ഭൂമി പതിവ് ചട്ടങ്ങളും ഏലപ്പാട്ട ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യണം. പട്ടയം ലഭിക്കുന്നതിന് നിശ്ചയിച്ച വരുമാന പരിധി ഒഴിവാക്കണം.
അഞ്ചുനാടു വില്ലേജുകളിലെ മരംമുറിക്കൽ നിരോധനം നീക്കണം. പട്ടയ വസ്തുക്കളിൽ സ്വന്തമായി നട്ടുവളർത്തിയ വൃക്ഷങ്ങൾ വെട്ടിമാറ്റാൻ ഉടമസ്ഥരെ അനുവദിക്കണം. പട്ടയങ്ങളുടെയും കൈമാറ്റ ആധാരങ്ങളുടെയും നിജസ്ഥിതി അന്വേഷണത്തിെൻറ മറവിൽ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും പരമാവധി ഒഴിവാക്കുകയും കരം സ്വീകരിക്കുന്നതിലും സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും മറ്റുമുള്ള വിലക്കുകൾ നീക്കുകയും ചെയ്യണം. മൂന്നാർ ടൗണിലെ എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും പട്ടയം നൽകണം.
സ്വകാര്യ ഭൂമികളും സർക്കാർ ഭൂമികളും റീ സർവേ നടത്തി വേർതിരിക്കണം. സർക്കാർ ഭൂമികളിൽ മേലിൽ ൈകയേറ്റങ്ങൾ ഉണ്ടാകാതെ പരിരക്ഷിക്കണം. വിനോദ സഞ്ചാര പ്രാധാന്യമുള്ള കെ.ഡി.എച്ച് വില്ലേജിനും പരിസര വില്ലേജുകൾക്കും പ്രത്യേക കെട്ടിട നിർമാണ ചട്ടം ഉണ്ടാക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.