തിരുവനന്തപുരം: മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റം സംബന്ധിച്ച് ജില്ല ഭരണകൂടം തയാറാക്കിയ പട്ടിക ശനിയാഴ്ച മുഖ്യമന്ത്രിക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനും കൈമാറി. കലക്ടർ ജി.ആർ. ഗോകുലും ദേവികുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനുമാണ് പ്രാഥമിക പട്ടിക തയാറാക്കുന്നതിന് നേതൃത്വം നൽകിയത്.
മൂന്നാർ മേഖലയിൽ മാത്രം154 കൈയേറ്റങ്ങളാണ് റിപ്പോർട്ടിലുള്ളതെങ്കിലും പേര് രേഖപ്പെടുത്താത്ത നിരവധി ൈകയേറ്റങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭൂമി കൈയേറിയത് പാപ്പാത്തിച്ചോലയിൽ വിവാദ കുരിശ് സ്ഥാപിച്ച ഫെയ്ത്ത് ഇൻ ജീസസ് സ്ഥാപകൻ ടോം സക്കറിയയും കുടുംബവുമാണ്. ഈ കുടുംബത്തിലെ മൂന്നുപേർ മാത്രം 43 ഏക്കർ സർക്കാർ ഭൂമിയാണ് കൈയേറിയത്.
മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോധരെൻറ മകൻ ലിജീഷും വൻകിട കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്. ചിന്നക്കനാലിൽ ഏഴര ഏക്കറാണ് ലിജീഷ് കൈയേറിയത്. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിതനായ ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസൻ തച്ചങ്കരി ഏഴേക്കറിലധികം ഭൂമി കൈയേറി.
ആനവിരട്ടി വില്ലേജിൽ അനധികൃത നിർമാണം നടത്തുന്ന പുളിമൂട്ടിൽ ലൂക്ക് സ്റ്റീഫനാണ് മൂന്നാറിലെ ഭൂമി കൈയേറ്റക്കാരിലൊരാൾ. കെ.ഡി.എച്ച് വില്ലേജിൽ കെ.എസ്.ഇ.ബി ഭൂമി കൈയേറിയ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പേര് പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
അതേസമയം ദേവികുളത്തെ സി.പി.എം നേതാവായ എ.വി. ശശികുമാർ, ചിന്നക്കനാലിലെ സി.പി.എം നേതാവ് വി.എസ്. ആൽബിൻ എന്നിവർ പട്ടികയിലുണ്ട്. പട്ടിക തയാറാക്കാൻ ചെറിയ കാലയളവ് മാത്രം കിട്ടിയതിനാൽ അഞ്ചുനാട് മേഖലയിലെ കുറിഞ്ഞി വന്യജീവി സങ്കേതം ഉൾപ്പെടെ കൈയേറ്റം ഇതിൽ ഉൾപ്പെട്ടില്ല. കൊട്ടക്കമ്പൂരിലെ ജോയ്സ് ജോർജ് എം.പിയുടെ കൈയേറ്റവും പട്ടികയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.