മൂ​ന്നാ​ർ: വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ന്ന​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​റിൻെറ കാ​ല​ത്ത്

തിരുവനന്തപുരം: മൂന്നാറിലെ അതീവ ദുർബലമേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് വൻതോതിൽ അനധികൃത റിസോർട്ട് നിർമാണം നടെന്നന്ന് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്. മൂന്നാറിലെ നിർമാണങ്ങൾക്ക് കലക്ടറുടെ അനുമതിവേണമെന്ന് ഹൈകോടതി ഡിവിഷൻ െബഞ്ച് 2010ൽ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിയിലെ മൂന്നാർ എന്ന പരാമർശം ‘മൂന്നാർ ടൗൺ’ എന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് 2010 മുതൽ 2016 വരെ മറ്റ് വില്ലേജുകളിൽ നിർബാധം നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. 

ഏലച്ചട്ടങ്ങൾ ബാധകമായ ദേവികുളം താലൂക്കിലെ പള്ളിവാസൽ, ആനവരിട്ടി വില്ലേജുകളിൽ മരങ്ങൾ മുറിച്ചുമാറ്റി പാറ, മണ്ണ് ഖനനം നടത്തി. അതോടൊപ്പം വൻകിട നിർമാണങ്ങളും തുടരുകയാണ്. മാങ്കുളം റോഡിൽ ലക്ഷ്മി എസ്റ്റേറ്റിന് സമീപത്തുള്ള പുളിമൂട്ടിൽ എസ്റ്റേറ്റ് എന്നറിയപ്പെടുന്ന ഏലത്തോട്ടത്തിൽ നടക്കുന്ന നിർമാണപ്രവർത്തനവും പള്ളിവാസൽ വില്ലേജിലെ പോയൻറ് ബ്ലാങ്ക് റിസോർട്ടും നിയമലംഘനത്തിന് ഉദാഹരണായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
വനഭൂമിയുടെ സ്വഭാവമുള്ള ഇത്തരം ഏലത്തോട്ടങ്ങളിൽ മരങ്ങൾ മുറിച്ചതും ഖനനം നടത്തിയതും ഇനംമാറ്റിയതും വൻ പാരിസ്ഥിതിക ആഘാതത്തിന് കാരണമാവും. മൂന്നാർ പ്രദേശത്തെ പരിസ്ഥിതിലോല മേഖലയായ കുഞ്ചിത്തണ്ണി, മാങ്കുളം, പൂപ്പാറ വില്ലേജുകളിലും ഭൂപതിവ് വ്യവസ്ഥകൾ ലംഘിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തി.  

അനധികൃത നിർമാണപ്രവർത്തനങ്ങൾക്ക് കുടപിടിച്ചത് റവന്യൂ വകുപ്പാണെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. വിവിധ ഓഫിസുകളിൽ കൃത്യമായും സുരക്ഷിതമായും രേഖകൾ സൂക്ഷിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ സഹായത്തോടെ വില്ലേജ്, താലൂക്ക് ഓഫിസുകളിൽ സൂക്ഷിച്ചിരുന്ന രേഖകൾ  ഭൂമാഫിയക്കുവേണ്ടി നശിപ്പിച്ചു. വ്യാജ പട്ടയ ലോബിയെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്തത്. വ്യാജരേഖ ചമച്ച് നിർമിച്ച ചിന്നക്കനാലിലെയും മൂന്നാൽ ടൗണിലെയും പട്ടയങ്ങൾ, പള്ളിവാസൽ പെൻസ്റ്റോക്കിന് സമീപവും പൂപ്പാറ വിേല്ലജിലെയും ഭൂമി പതിച്ചുനൽകിയ പട്ടയങ്ങൾ, പട്ടയം നൽകാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥർ നൽകിയ രവീന്ദ്രൻ പട്ടയങ്ങൾ, ചിന്നക്കനാൽ, വട്ടവട, കൊട്ടക്കമ്പൂർ വില്ലേജുകളിൽ വ്യാജ പവർഓഫ് അറ്റോർണി ഉപയോഗിച്ച് നടപടി പൂർത്തിയാക്കിയ പട്ടയങ്ങൾ, പൂർണമായും വ്യാജമായി നിർമിച്ച വൃന്ദാവൻ പട്ടയങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഭൂമി വീണ്ടെടുക്കുന്നതിനും തടസ്സംനേരിടുകയാണ്. 


പരിശോധിച്ചശേഷം തുടർ നടപടി
കോട്ടയം: കൈയേറ്റക്കാർ മൂന്നാറിനെ കവരുകയാണെന്നും ഇങ്ങനെപോയാൽ ഭൂപടത്തിൽ നിന്ന് മൂന്നാർ അപ്രത്യക്ഷമാകുമെന്നുമുള്ള ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട് പരിശോധിച്ചശേഷം തുടർ നടപടിയെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ. പട്ടയമടക്കം ഇടുക്കി ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾ ചർച്ചചെയ്യാൻ 27ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഇൗ റിപ്പോർട്ടും ചർച്ചചെയ്യും -ഇപ്പോൾ സ്വകാര്യ ആവശ്യത്തിന് ഝാർഖണ്ഡിലുള്ള അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട് കണ്ടിരുന്നു. വിശദപരിശോധന നടത്തിയില്ല. മടങ്ങിയെത്തിയാലുടൻ റിപ്പോർട്ട് പരിശോധിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറും. സർക്കാറാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. മൂന്നാറടക്കം ഇടുക്കി ജില്ലയിലെ ഇത്തരം വിഷയത്തിൽ സർക്കാറി​െൻറ ഭാഗത്തുനിന്ന് സുപ്രധാന തീരുമാനങ്ങൾ അടിയന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഭൂമികൈയേറ്റ രേഖകളും സർക്കാർ ഉത്തരവുകളും ഉൾപ്പെടുത്തി വിശദ റിപ്പോർട്ടാണ് ലാൻഡ് റവന്യൂ കമീഷണർ നൽകിയത്. മൂന്നാറിലെ അനധികൃത കൈയേറ്റം, നിർമാണം എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ സമർപ്പിച്ച റിപ്പോർട്ടുകളും റവന്യൂ വകുപ്പി​െൻറ പരിഗണനയിലാണ്. ഇതേക്കുറിച്ചും വകുപ്പുതലത്തിൽ പരിശോധന നടക്കുന്നു. 27ലെ യോഗത്തിൽ സർക്കാർ വ്യക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.