കോഴിക്കോട്: കേരളത്തിൽ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ വെച്ച് മരണപ്പെട്ടാൽ സുഹൃത്തുക്കളും കുടുംബക്കാരും ചൂഷണത്തിനിരയാകുന്നതായി യു.എൻ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. എന്നാൽ, കേരളത്തിലെ ആശുപത്രിയിലോ പൊലീസ് സ്റ്റേഷനിലോ പരിചയക്കാരോ ബന്ധങ്ങളോ ഇല്ലാത്ത ഇവരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാൻ ഒരു സംഘം രൂപപ്പെട്ടിരിക്കുന്നതായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആശുപത്രികൾക്ക് ചുറ്റുമുള്ള സ്വകാര്യ ആംബുലൻസ് സർവിസുകാരാണ് ഇത് ചെയ്തു കൊടുക്കുന്നത്. പ്രത്യക്ഷത്തിൽ നല്ല കാര്യമെന്ന് തോന്നുമെങ്കിലും പ്രായോഗികമായി പലപ്പോഴും സുഹൃത്തിന്റെ മൃതദേഹവുമായിരിക്കുന്നവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് വിലപേശിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മുപ്പതിനായിരം രൂപക്ക് വിമാനത്തിൽ കൊണ്ടുപോകാവുന്ന മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചാർജ് വാങ്ങുന്നു. പോകുന്ന വഴിക്കു ഡീസൽ അടിക്കുന്നത് മുതൽ ടോൾ, ഭക്ഷണം, കൈക്കൂലി ഒക്കെ ഇതിന് പുറമെയാണ്. കൊടുത്തില്ലെങ്കിൽ ഭീഷണി, മൃതദേഹവുമായി ആംബുലൻസുകൾ വഴിയിലിട്ട് പോലും വിലപേശൽ!
സഹായിക്കാൻ പഞ്ചായത്ത് മെമ്പർ തൊട്ട് എം.പി വരെയുള്ള രാഷ്ട്രീയക്കാരേ തൊഴിലാളി യൂണിയനുകളോ ഇല്ലാത്തതിനാൽ മിക്കവാറും സുഹൃത്തുക്കളാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അവർ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കാര്യത്തിൽ ഇടപെടുന്നത്. എന്തൊക്കെ സർട്ടിഫിക്കറ്റ് വേണമെന്ന് പോലും അവർക്ക് അറിയില്ല, ആരോട് ചോദിക്കണമെന്നും. അതുകൊണ്ട് ആവശ്യമായ സർട്ടിഫിക്കറ്റുകളെല്ലാം വേഗത്തിൽ സംഘടിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്.
ഒടുവിൽ കയ്യിലുള്ള പണം കൂടാതെ നാട്ടിലെ കുടുംബം വീടും പറമ്പും പണയം വച്ചുപോലും പണം അയച്ചുകൊടുക്കേണ്ടി വരുന്ന അവസ്ഥ. അതിനും നിവൃത്തിയില്ലാത്തവർ ഉറ്റവരെ ഒരു നോക്കു കാണാൻ പോലുമാകാതെ ഇവിടെ അടക്കം ചെയ്യാൻ അഭ്യർത്ഥിക്കുന്ന അവസ്ഥ.
മറുനാട്ടിൽ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതിന് ഒരു മാതൃകയാവണം ഇതരസംസ്ഥാന തൊഴിലാളികളോട് നാം പെരുമാറുന്നത്. ഇല്ലെങ്കിൽ ഭാവിയിൽ ഇതൊക്കെ ദേശീയ, അന്തർദേശീയ വർത്തയാകും. കേരള മോഡലിനും മലയാളി സമൂഹത്തിനും നാണക്കേടാകും.
ഇവിടെ മരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു ഫണ്ട് കേരള സർക്കാരിനുണ്ട്. അത് കിട്ടാനുള്ള നിബന്ധനകൾ അത്ര എളുപ്പമല്ലെന്നും അതുകൊണ്ട് കാര്യമായി ആർക്കും തന്നെ ഉപയോഗപ്രദമാകാറില്ല എന്നുമാണ് സുഹൃത്ത് പറഞ്ഞത്. തൊഴിലുടമകളും പലപ്പോഴും കൈയൊഴിയും. സ്ഥിരം തൊഴിലുടമകളില്ലാത്തവരും ധാരാളമുണ്ട്. ഇക്കാര്യത്തിൽ നിയമസഭയിൽ ഏതെങ്കിലും എം.എൽ.എ ഉന്നയിക്കണമെന്ന ആഗ്രഹത്തോടെ മൂന്ന് ചോദ്യങ്ങളും തുമ്മാരുകുടി പങ്കുവെച്ചിട്ടുണ്ട്.
1. കഴിഞ്ഞ അഞ്ചു വർഷത്തിൽ എത്ര ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ വച്ച് മരണപ്പെട്ടത്?
2. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എന്ത് സഹായമാണ് കേരള സർക്കാർ ചെയ്യുന്നത്?
3. എത്ര പേർക്കാണ് ഈ സഹായങ്ങൾ കിട്ടിയിട്ടുള്ളത്?
ഇതര സംസ്ഥാനത്തൊഴിലാളികളുടെ മരണം
ഖത്തറിൽ ഏകദേശം ഇരുപത് ലക്ഷം മറുരാജ്യ തൊഴിലാളികളാണുള്ളത്.
2010 നും 2020 നും ഇടക്ക് അതിൽ 6500 പേർ ഖത്തറിൽവെച്ച് മരണപ്പെട്ടു എന്നാണ് ഒരു ഗാർഡിയൻ റിപ്പോർട്ട് പറഞ്ഞത്. വിവിധ എംബസികളിൽ നിന്നും ശേഖരിച്ച കണക്കു പ്രകാരം ആണിത്. എങ്ങനെയെല്ലാമാണ് മറ്റു നാടുകളിൽ നിന്നുള്ള തൊഴിലാളികൾ മരിച്ചത്?
സ്വാഭാവിക മരണം (രോഗങ്ങൾ മൂലം ഉൾപ്പടെ), റോഡപകടം, തൊഴിലിടത്തെ അപകടങ്ങൾ, ആത്മഹത്യ, കൊലപാതകം. ഇവയാണ് പ്രധാനം.
ഒരു രാജ്യത്ത് വെച്ച് മറ്റു നാടുകളിൽ നിന്നുള്ളവരാണ് മരണപ്പെടുന്നത് എന്നതിനാൽ കൃത്യമായ കണക്കുകൾ ഉണ്ട്. മരിച്ചു കഴിഞ്ഞാൽ മൃതദേഹം അവരുടെ നാടുകളിൽ എത്തിക്കാൻ കൃത്യമായ സംവിധാനങ്ങളും സഹായിക്കാൻ അതാതു രാജ്യങ്ങളുടെ എംബസികളും ഉണ്ട്.
ഇന്നിപ്പോൾ ഇത് ഓർക്കാൻ ഒരു കാരണമുണ്ട്. ആലുവക്കടുത്ത് ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. സാധാരണ മരണമല്ല. പാചകവാതകം നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു. എങ്ങനെയോ പാചകവാതകത്തിന് തീ പിടിച്ചു. തൊഴിലാളിക്ക് പൊള്ളലേറ്റു. ആശുപത്രിയിൽ എത്തിച്ചാൽ കാരണം പറയേണ്ടി വരും, പോലീസിൽ അറിയിക്കേണ്ടി വരും, കേസാകും. അതുകൊണ്ട് അതിനൊന്നും പോയില്ല, വീട്ടിൽ തന്നെ കിടത്തി എന്തോ ചികിത്സ നടത്തി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയി, തൊഴിലാളി മരിച്ചു. കുറ്റകൃത്യം ഒളിച്ചുവെക്കാനായി നടത്തിയ പ്രവർത്തിയാണ് ഒരു തൊഴിലാളിയുടെ മരണത്തിൽ കലാശിച്ചത്.
ഇതുപോലെ ഓരോ വർഷവും കേരളത്തിൽ എത്ര ഇതരസംസ്ഥാന തൊഴിലാളികൾ മരിക്കുന്നുണ്ടാകും? കൃത്യമായ കണക്കില്ല. ഒരു ഊഹക്കണക്ക് പറയാം.
എന്റെ ഒരു സുഹൃത്ത് എറണാകുളം ജില്ലയിലും പ്രാന്തപ്രദേശങ്ങളിലും ഒറീസ്സയിൽ നിന്നുള്ള തൊഴിലാളികൾ മരണപ്പെട്ടാൽ അവരുടെ മൃതദേഹം വീട്ടിലെത്തിക്കാൻ സഹായിക്കാറുണ്ട്. ഒറീസ്സയിലെ ചില ഉദ്യോഗസ്ഥരും സർക്കാരിതര സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധംവെച്ച് ചെയ്യുന്നതാണ്. 2024 ജനുവരി മുതൽ ജൂൺ വരെ ഇരുപത് ഒറീസ്സക്കാർ കേരളത്തിൽ വെച്ച് മരിച്ചു. കേരളത്തിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഏകദേശം അഞ്ചു ശതമാനമാണ് ഒറീസ്സയിൽ നിന്നുള്ളത്. ഈ കണക്കനുസരിച്ച് ഒരു വർഷം ശരാശരി ആയിരം ഇതര സംസ്ഥാന തൊഴിലാളികൾ എങ്കിലും കേരളത്തിൽ മരിക്കുണ്ട്.
ഇവിടെയും മരണ കാരണം മുൻപ് പറഞ്ഞതൊക്കെ തന്നെയാണ്. സ്വാഭാവിക മരണം (രോഗങ്ങൾ മൂലം ഉൾപ്പടെ), റോഡപകടം, തൊഴിലിടത്തെ അപകടങ്ങൾ, ആത്മഹത്യ, കൊലപാതകം.
മറുനാട്ടിലുള്ള ഒരാൾ കേരളത്തിൽ മരിച്ചു കഴിഞ്ഞാൽ അവരുടെ മൃതദേഹം അതാത് നാട്ടിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകളെ പറ്റി ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു സുഹൃത്ത് എന്നോട് പറഞ്ഞു. മൃതദേഹം അവരുടെ നാട്ടിലേക്ക് വിമാനത്തിലോ ആംബുലൻസിലോ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. രണ്ടിനായാലും പല സർട്ടിഫിക്കറ്റുകൾ വേണം. അതും എത്രയും വേഗത്തിൽ. വളരെ പാവങ്ങളായ തൊഴിലാളികളാണ് മരണപ്പെടുന്നത്. ആദിവാസികളും ദളിതരും ഒക്കെയാണ് ഭൂരിഭാഗവും. അവർക്ക് മലയാളം അറിയില്ല. കേരളത്തിൽ ബന്ധുക്കളില്ല, കേരളത്തിലെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ പരിചയക്കാരോ ബന്ധങ്ങളോ ഇല്ല, സഹായിക്കാൻ പഞ്ചായത്ത് മെമ്പർ തൊട്ട് എം പി വരെയുള്ള രാഷ്ട്രീയക്കാർ ഇല്ല, തൊഴിലാളി യൂണിയനുകളും ഇടപെടാറില്ല, പണവുമില്ല.
മിക്കവാറും സുഹൃത്തുക്കളാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അവർ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കാര്യത്തിൽ ഇടപെടുന്നത്. എന്തൊക്കെ സർട്ടിഫിക്കറ്റ് വേണമെന്ന് പോലും അവർക്ക് അറിയില്ല, ആരോട് ചോദിക്കണമെന്നും. അതുകൊണ്ട് ആവശ്യമായ സർട്ടിഫിക്കറ്റുകളെല്ലാം വേഗത്തിൽ സംഘടിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്.
ഇവിടെയാണ് അവരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാൻ ഒരു സംഘം രൂപപ്പെട്ടിരിക്കുന്നത്. മിക്കവാറും ആശുപത്രികൾക്ക് ചുറ്റുമുള്ള സ്വകാര്യ ആംബുലൻസ് സർവീസുകാരാണ് ഇത് ചെയ്തു കൊടുക്കുന്നത്. പ്രത്യക്ഷത്തിൽ നല്ല കാര്യമെന്ന് തോന്നുമെങ്കിലും പ്രായോഗികമായി പലപ്പോഴും സുഹൃത്തിന്റെ മൃതദേഹവുമായിരിക്കുന്നവരുടെ നിസ്സഹായാവസ്ഥയും കൂടി മുതലെടുത്ത് വിലപേശിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മുപ്പതിനായിരം രൂപക്ക് വിമാനത്തിൽ കൊണ്ടുപോകാവുന്ന മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചാർജ്ജ് വാങ്ങുന്നു. പോകുന്ന വഴിക്കു ഡീസൽ അടിക്കുന്നത് മുതൽ ടോൾ, ഭക്ഷണം, കൈക്കൂലി ഒക്കെ ഇതിന് പുറമെയാണ്. കൊടുത്തില്ലെങ്കിൽ ഭീഷണി, മൃതദേഹവുമായി ആംബുലൻസുകൾ വഴിയിലിട്ട് പോലും വിലപേശൽ!
ഒടുവിൽ കയ്യിലുള്ള പണം കൂടാതെ നാട്ടിലെ കുടുംബം വീടും പറമ്പും പണയം വച്ചുപോലും പണം അയച്ചുകൊടുക്കേണ്ടി വരുന്ന അവസ്ഥ. അതിനും നിവൃത്തിയില്ലാത്തവർ ഉറ്റവരെ ഒരു നോക്കു കാണാൻ പോലുമാകാതെ ഇവിടെ അടക്കം ചെയ്യാൻ അഭ്യർത്ഥിക്കുന്ന അവസ്ഥ.
ഇവിടെ മരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു ഫണ്ട് കേരള സർക്കാരിനുണ്ട്. അത് കിട്ടാനുള്ള നിബന്ധനകൾ അത്ര എളുപ്പമല്ലെന്നും അതുകൊണ്ട് കാര്യമായി ആർക്കും തന്നെ ഉപയോഗപ്രദമാകാറില്ല എന്നുമാണ് സുഹൃത്ത് പറഞ്ഞത്. തൊഴിലുടമകളും പലപ്പോഴും കൈയൊഴിയും. സ്ഥിരം തൊഴിലുടമകളില്ലാത്തവരും ധാരാളമുണ്ട്.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഇപ്പോൾ നിലനിർത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുള്ള തൊഴിലാളികളാണ്. പക്ഷെ അവരുടെ ക്ഷേമത്തെ പറ്റി കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരു താല്പര്യവുമില്ല. അവരും നാട്ടുകാരും ഉൾപ്പെട്ട എന്തെങ്കിലും കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ അവർക്കെതിരെ വിരൽ ചൂണ്ടുന്നതൊഴിച്ചാൽ മലയാളിക്ക് ഇതരസംസ്ഥാന തൊഴിലാളി ഒരു "necessary evil" ആണ്.
ഒരു കാര്യം കൂടി പറയണം. തൊഴിൽ ജീവിതകാലം മുഴുവൻ പ്രവാസി ആയിരുന്നതിനാൽ ഞാൻ ഏറ്റവും പാഷനോടെ എഴുതുന്ന വിഷയമാണ് ഇത്. പക്ഷെ ഞാൻ എഴുതുന്ന വിഷയങ്ങളിൽ ഏറ്റവും കുറച്ച് റീച്ച് കിട്ടുന്നതും ഈ വിഷയത്തിനാണ്. മലയാളികൾക്ക് ഈ വിഷയത്തിൽ ഉദാസീനതയാണ്. ഇത് മാറണം. വിദേശത്തേക്ക് കുടിയേറിപ്പോയ മലയാളികളുടെ അറിവും നിക്ഷേപവും കൂടി ആണ് ഇന്ന് നാം കാണുന്ന കേരളം.
അതുകൊണ്ട് തന്നെ മറുനാട്ടിൽ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതിന് ഒരു മാതൃകയാവണം ഇതരസംസ്ഥാന തൊഴിലാളികളോട് നാം പെരുമാറുന്നത്. ഇല്ലെങ്കിൽ ഭാവിയിൽ ഇതൊക്കെ ദേശീയ, അന്തർദേശീയ വർത്തയാകും. കേരള മോഡലിനും മലയാളി സമൂഹത്തിനും നാണക്കേടാകും.
ഈ വിഷയത്തിൽ നമ്മുടെ എം.എൽ.എമാർ ആരെങ്കിലും അടുത്ത അസംബ്ലിയിൽ ഒരു ചോദ്യം ചോദിക്കുമെന്നൊരു പ്രതീക്ഷ, ആഗ്രഹം ഉണ്ട്.
1. കഴിഞ്ഞ അഞ്ചു വർഷത്തിൽ എത്ര ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ വച്ച് മരണപ്പെട്ടത്?
2. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എന്ത് സഹായമാണ് കേരള സർക്കാർ ചെയ്യുന്നത്?
3. എത്ര പേർക്കാണ് ഈ സഹായങ്ങൾ കിട്ടിയിട്ടുള്ളത്?
മുരളി തുമ്മാരുകുടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.