അഞ്ചുവും മക്കളും ഭർത്താവ് സാജുവും

യു.കെയിലെ കൊല: മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകും

കോട്ടയം: ''അഞ്ജുവിനെയും മൂത്തകുഞ്ഞിനെയും സാജു ക്രൂരമായി മർദിച്ചിരുന്നു. എന്നാലിതൊന്നും അവൾ പറഞ്ഞിരുന്നില്ല. ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയിട്ടുണ്ടാവും. കുഞ്ഞുങ്ങളെ അവസാനമായി കാണണമെന്നുണ്ട്''- യു.കെയിൽ കൊല്ലപ്പെട്ട അഞ്ജുവിന്‍റെ പിതാവ് അശോകൻ കണ്ണീർനനവിനിടെ ഇത്രയും പറഞ്ഞൊപ്പിക്കുമ്പോൾ കണ്ടുനിൽക്കുന്ന മുഖങ്ങളിലും നൊമ്പരനിറവ്.

സാജുവിനെ ഭയന്നാണ് അഞ്ജുവും മക്കളും കഴിഞ്ഞിരുന്നതെന്ന് രണ്ടാനമ്മയായ കൃഷ്ണാമ്മയും പറയുന്നു. 45 ദിവസം കുട്ടികളെ പരിപാലിക്കുന്നതിന് സൗദിയിൽ അഞ്ജുവിന്‍റെ കുടുംബത്തിനൊപ്പം താമസിച്ചിട്ടുള്ള കൃഷ്ണാമ്മ, ഇക്കാലത്ത് മർദനം നേരിട്ട് കണ്ടതായും വ്യക്തമാക്കുന്നു. അഞ്ജുവും മക്കളും സൗദിയിൽ കഴിഞ്ഞത് ഭയത്തോടെയാണ്. കൈകൾ കൊണ്ടും തുണി ഉപയോഗിച്ചും അഞ്ജുവിന്‍റെ കഴുത്ത് ഞെരിച്ചിട്ടുണ്ട്.

കുട്ടികൾക്കുനേരെയും ആക്രമണം നടത്തിയിരുന്നു. കുട്ടികളെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുന്നതുകൂടാതെ സാജു അവരെ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. അച്ഛനോട് ഇക്കാര്യങ്ങൾ പറയരുത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. അടുത്തിടെയായി അഞ്ജു വീട്ടിലേക്ക് ഫോൺ ചെയ്യുന്നതുപോലും സാജു വിലക്കിയതായി ബന്ധുക്കൾ പറഞ്ഞു.

വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ വീട്ടിൽ അശോകന്‍റെ മകൾ അഞ്ജുവും (40), ഇവരുടെ മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരും കഴിഞ്ഞദിവസമാണ് യു.കെയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കണ്ണൂർ ഇരിക്കൂർ പടിയൂർ കൊമ്പൻപാറ സാജു ബ്രിട്ടീഷ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ജീവയും ജാന്‍വിയും വർഷങ്ങളായി വൈക്കത്തെ വീട്ടിലായിരുന്നു. വീടിന് മാത്രമല്ല, നാടിനും പൊന്നോമനകളായിരുന്നു ഇവർ. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ജുവിനും സാജുവിനുമൊപ്പം ബ്രിട്ടനിലേക്ക് യാത്രയായത്.

അതിനിടെ, അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊലപാതകമായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടുകിട്ടാൻ രണ്ടാഴ്ച എടുക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 30 ലക്ഷം രൂപ വേണ്ടിവരും. നിർധനകുടുംബത്തിന് ഇത്രയും തുക കണ്ടെത്താനാവാത്ത സാഹചര്യമാണ്. ഇതിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, എം.പിമാരായ തോമസ് ചാഴികാടൻ, സുരേഷ് ഗോപി, സി.കെ. ആശ എം.എൽ.എ എന്നിവർ എംബസിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

അശോകൻ വൈക്കം പൊലീസും പരാതി നൽകി. മൂന്നുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ ശനിയാഴ്ച പൂർത്തിയായതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അഞ്ജുവിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഇതിലെ സൂചന. രണ്ടുകുട്ടികളുടെയും കഴുത്തിലുണ്ടായ മാരക മുറിവാണ് മരണകാരണമെന്നാണ് ബ്രിട്ടീഷ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

സാജു മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍

ശ്രീകണ്ഠപുരം: ബ്രിട്ടനില്‍ കൊല്ലപ്പെട്ട യുവതിയെയും മക്കളെയും ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍. വിഷമിപ്പിക്കേണ്ടെന്നുകരുതി പലകാര്യങ്ങളും മകള്‍ പറഞ്ഞിരുന്നില്ല. മകളെയും കൊച്ചുമക്കളെയും അവസാനമായി കാണണമെന്നും ഇവര്‍ പറഞ്ഞു. കോട്ടയം വൈക്കം സ്വദേശിനിയും ബ്രിട്ടനിലെ കെറ്ററിങ്ങില്‍ നഴ്‌സുമായ അഞ്ജു (40), മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.

അഞ്ജുവിന്റെ ഭര്‍ത്താവ് ഇരിക്കൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചേലേവാലയില്‍ സാജുവാണ് (52) കൊലനടത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂവരെയും വെട്ടിയതിനുശേഷം സാജു, അഞ്ജുവിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് അഞ്ജുവിന്റെ പിതാവ് വൈക്കം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് വിവരം. കൂട്ടക്കൊലയായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുമെന്നാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന.

Tags:    
News Summary - murder in uk: Repatriation of bodies will be late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.