കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റം ചുമത്തി. കേസിലെ ഏക പ്രതി ബിഹാർ സ്വദേശി അസ്ഫാഖ് ആലത്തിനെതിരെയാണ് എറണാകുളം പോക്സോ കോടതി കുറ്റം ചുമത്തിയത്. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. വിചാരണ നടപടി ഒക്ടോബർ നാലിന് ആരംഭിക്കും.
കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെ ചില കുറ്റങ്ങളിൽ കോടതി സംശയം പ്രകടിപ്പിച്ചു. ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുമൂലം കുട്ടി മരിച്ചുവെന്നത് തെളിയിക്കാൻ ഡോക്ടറുടെ മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പകരം, ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കുറ്റത്തിനാവും വിചാരണ നടത്തുക.
ആകെ 99 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിക്കുക. ഒക്ടോബർ നാലിന് പ്രധാന സാക്ഷികളായ കുട്ടിയുടെ മാതാപിതാക്കളെയാവും വിസ്തരിക്കുക. ഒക്ടോബർ നാലുമുതൽ 18 വരെയാകും വിചാരണ. ആദ്യഘട്ട വിചാരണ പൂർത്തിയായശേഷം രണ്ടാംഘട്ട സാക്ഷികളെ വിസ്തരിക്കും.
കുറ്റപത്രം വായിച്ച് കേൾപ്പിച്ചപ്പോൾ ചെരിപ്പ് വലിച്ചെറിഞ്ഞ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി പറഞ്ഞെങ്കിലും കുറ്റകൃത്യവുമായി ബന്ധമില്ലാത്തതിനാൽ കോടതി വിചാരണ നടപടികൾ പ്രഖ്യാപിക്കുകയായിരുന്നു. ജൂലൈ 28നാണ് വീട്ടുകാർ വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ബലാത്സംഗം ചെയ്ത് കൊല ചെയ്തശേഷം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.