തിരുവനന്തപുരം: ആനയറ വേൾഡ് മാർക്കറ്റ് പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്ന പത്തനാപുരം വിളക്കുടി മഞ്ഞമൻകാല രതീഭവനിൽ രതീഷിനെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിൽ കഠിനംകുളം ചാന്നാങ്കര പള്ളിനട എ.കെ. ഹൗസിൽ സഫീറിനെ(29) അഞ്ചു വർഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക മരിച്ച രതീഷിന്റെ ഭാര്യ സന്ധ്യക്കും മക്കളായ കൃഷ്ണപ്രിയ (11) കൃഷ്ണജിത്ത് (ഏഴ്) എന്നിവർക്കും നൽകും. കൂടാതെ, ലീഗൽ സർവിസ് അതോറിറ്റിയിൽനിന്നും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ആറാം അഡീഷനൽ ജില്ല ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. 2016 ജൂൺ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. സഫീറും കൊല്ലപ്പെട്ട രതീഷും വേൾഡ് മാർക്കറ്റിനകത്തെ പച്ചക്കറിക്കടയിലെ ജീവനക്കാരായിരുന്നു. സംഭവദിവസം വൈകീട്ട് ആറോടെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിലെ വിരോധത്തിൽ സഫീർ കത്തികൊണ്ട് രതീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
കടയിൽ പച്ചക്കറി വാങ്ങാൻ വന്നവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ. കുത്തേറ്റ രതീഷിനെ സഹജീവനക്കാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എം.സലാഹുദ്ദീൻ, എ.ആർ. ഷാജി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.