കോഴിക്കോട്: ബേപ്പൂരിൽ വീണ്ടും മുസ്ലിംലീഗ് അങ്കത്തിന്. അധികമായി ലീഗ് ചോദിച്ച പേരാമ്പ്രക്ക് പകരമാണ് യു.ഡി.എഫ് ലീഗിന് ബേപ്പൂർ അനുവദിക്കുന്നത്. ഏണി ചിഹ്നത്തിൽ ഇത് ആറാം തവണയാണ് ലീഗ് ബേപ്പൂരിൽ പടക്കിറങ്ങുന്നത്. കോ-ലീ-ബി സഖ്യത്തിെൻറ പേരിൽ ലീഗ് വെട്ടിലായ മണ്ഡലം കൂടിയാണിത്.
1996ലും 2006ലും ബേപ്പൂരിൽ മത്സരിച്ച ലീഗ് സ്ഥാനാർഥി ഉമ്മർ പാണ്ടികശാലതന്നെയാണ് ഇത്തവണയും ലീഗ് പട്ടികയിലെ ആദ്യപേര്. മുസ്ലിം ലീഗ് ജില്ല ഓർഗനൈസിങ് സെക്രട്ടറി എൻ.സി അബൂബക്കറിെൻറ പേരുമുണ്ട്. യൂത്ത് ലീഗ് നേതാവിനെ ബേപ്പൂരിൽ പരിഗണിക്കുന്നതിനും ആലോചനയുണ്ട്. കോൺഗ്രസിൽ എൻ.പി. മൊയ്തീൻ രണ്ടുതവണ ജയിച്ചതൊഴിച്ചാൽ എന്നും ഇടതുമുന്നണിക്കൊപ്പമാണ് മണ്ഡലം.
1970ലാണ് ആദ്യമായി ലീഗ് മണ്ഡലത്തിൽ മത്സരിച്ചത്. അന്ന് സി.പി.എമ്മിലെ കെ. ചാത്തുണ്ണിമാസ്റ്റർക്കെതിരെ മുസ്ലിം ലീഗിലെ പി.കെ. ഉമ്മർഖാൻ മത്സരിച്ചുതോറ്റത് 2315 േവാട്ടിന്.
1980ൽ കോൺഗ്രസിലെ എൻ.പി. മൊയ്തീനെതിരെ അഖിലേന്ത്യ ലീഗിലെ എൻ.െക. അബ്ദുല്ലക്കോയ മത്സരിച്ചു. 1987ൽ അബ്ദുറഹ്മാൻ മാസ്റ്ററാണ് ടി.കെ. ഹംസക്കെതിതിരെ മത്സരിച്ച് 2277 വോട്ടിന് തോറ്റത്. 91ലായിരുന്നു കോ-ലീ-ബി വിവാദത്തിലെ നായകൻ കെ. മാധവൻകുട്ടിക്ക് ലീഗ് പിന്തുണ കൊടുത്തത്. ബി.ജെ.പി നോമിനിയായിരുന്ന മാധവൻകുട്ടിക്ക് മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന ശിഹാബ്തങ്ങൾ വോട്ടഭ്യർഥിച്ചത് രാഷ്ട്രീയവിവാദങ്ങൾക്ക് തിരികൊളുത്തി.
ടി.കെ. ഹംസതന്നെയാണ് 91ലും ജയിച്ചത്. 1996ൽ ഉമർ പാണ്ടികശാല ടി.കെ. ഹംസയോട് തോറ്റത് 12,096 വോട്ടിന്. 2001ൽ എം.സി മായിൻഹാജി വി.കെ.സി. മമ്മദ്കോയയോട് 5071 വോട്ടിന് തോറ്റു.
2006ൽ എളമരം കരീമിനോട് മത്സരിച്ചത് ഉമർ പാണ്ടികശാലതന്നെയായിരുന്നു. മുസ്ലിം ലീഗിെൻറ ജില്ല പ്രസിഡൻറ് ആണ് ഉമർ പാണ്ടികശാല.നേരത്തേ ബേപ്പൂർ മണ്ഡലത്തിെൻറ ഭാഗമായ ഒളവണ്ണ പഞ്ചായത്ത് നിലവിൽ കുന്ദമംഗലം നിയോജകമണ്ഡലത്തിെൻറ ഭാഗമാണ്.സി.പി.എമ്മിെൻറ ഉറച്ച പഞ്ചായത്താണിത്.
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ ഭരിക്കുന്നത് മുസ്ലീം ലീഗ് ആണ്. 2011ൽ യു.ഡി.എഫിലെ ആദം മുൽസി എളമരം കരീമിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. 5316 വോട്ടിനാണ് ആദം മുൽസി തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.