മുസ്‍ലിം ലീഗ് മുസ്‍ലിംകളുടെ മാത്രം പാർട്ടി, കേരളം ഐ.എസിന്റെ പരീക്ഷണശാലയായിട്ട് പോലും ഒരക്ഷരം മിണ്ടുന്നില്ല -അൽഫോൻസ് കണ്ണന്താനം

ന്യൂഡൽഹി: മുസ്‍ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി കോർ കമ്മിറ്റി അംഗം അൽഫോൻസ് കണ്ണന്താനം. ലീഗ് മുസ്‍ലിംകളുടെ മാത്രം പാർട്ടിയാണെന്നും അതിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐ.എസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.

അമേരിക്കൻ സന്ദർശനത്തിലുള്ള രാഹുൽ, വാഷിങ്ടണിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മുസ്‍ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് പ്രതികരിച്ചത്. കേരളത്തില്‍ മുസ്‍ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മുസ്‍ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്‍ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്’ -രാഹുൽ പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനാലാണ് ഇത്തരമൊരു പ്രസ്താവനയെന്നും ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ചതിന് ഉത്തരവാദികളായ ജിന്നയുടെ മുസ്‍ലിം ലീഗ് രാഹുല്‍ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Muslim League is a party of Muslims only, does not say a word even Kerala is a laboratory of IS -Alphons kannanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.