തളിപ്പറമ്പ്: ഏര്യത്ത് മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ എസ്.ഡി.പി.ഐ സംഘം ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്തതായി മുസ്ലിം ലീഗ്, പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പകലും രാത്രിയുമായാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
കണ്ണങ്കൈ ഫുട്ബാൾ ഗ്രൗണ്ടിന് സമീപത്ത് ഒരുസംഘം യുവാക്കൾ കഞ്ചാവുൾപ്പെടെ മാരക ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് എസ്.ഡി.പി.ഐ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ അനസിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രാത്രി തിരികെ മടങ്ങിയ മുസ്ലിം ലീഗ് നേതാക്കളെ വാഹനം വഴിയിൽ തടഞ്ഞ് എസ്.ഡി.പി.ഐക്കാർ ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ചപ്പാരപ്പടവ് -തുയിപ്ര - ചെമ്മിണി ചൂട്ട റോഡിൽ വെച്ചായിരുന്നുവത്രെ അക്രമം. അക്രമത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് ഏര്യം ശാഖ ട്രഷറർ എൻ.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് എൻ.പി. അബ്ദുല്ല, അബ്ദുൽ റസാഖ്, എ. ഷംസീർ എന്നിവരും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ സഞ്ചരിച്ച കാറിന്റെ ചില്ലുകൾ ഉൾപ്പെടെ തകർത്തു.
പോസ്റ്റർ പ്രചാരണം നടത്തുകയായിരുന്ന തങ്ങളെ ലീഗുകാർ ആക്രമിച്ചുവെന്നാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പറയുന്നത്. പരിക്കേറ്റ സജീർ ഉൾപ്പെടെ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.