ന്യൂഡൽഹി: പാർലമെന്‍റിനകത്ത് ബി.ജെ.പി എം.പി രമേശ് ബിധുരിയുടെ വംശീയാധിക്ഷേപത്തിന് ഇരയായ ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിക്ക് പിന്തുണ അറിയിച്ച് മുസ്‌ലിം ലീഗ്. ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ ഫോണിലൂടെയും ലീഗ് പ്രതിനിധി സംഘം വീട്ടിലെത്തിയുമാണ് പിന്തുണ അറിയിച്ചത്.
കേവലം വ്യക്തിക്കെതിരായ പരാമർശമല്ല ഉണ്ടായിരിക്കുന്നതെന്നും ഒരു സമുദായത്തെ മൊത്തം അപഹസിക്കുന്നതാണെന്നും ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്‌തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ അഭിപ്രായപ്പെട്ടു. വിദ്വേഷ പരാമർശം ജനാതിപത്യഹത്യയാണെന്നും പരാമർശം നടത്തിയ ബി.ജെ.പി എം.പിക്കെതിരെ ലോക്സഭ സ്പീക്കർ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്‍റ് ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണിത്. ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ നടത്താൻ ബി.ജെ.പി നേതാക്കൾ മത്സരിക്കുകയാണ്.
ദേശീയ സെക്രട്ടറി ഖുറം അനീസ് ഒമർ, ഡൽഹി ജനറൽ സെക്രട്ടറി ഫൈസൽ ഷെയ്ഖ്, കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലീം, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ പി.വി അഹമ്മദ് സാജു, പി. അസ്ഹറുദ്ദീൻ എന്നിവരാണ് ഡാനിഷ് അലിയെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.