ചെറുതുരുത്തി (തൃശൂർ): മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചുനിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുതുരുത്തി പൈങ്കുളം റോഡ് ഇക്കോ ഗാർഡൻസിൽ മുസ്ലിം ലീഗിന്റെ ദ്വിദിന സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പുതിയ രാഷ്ട്രീയസമവാക്യം രൂപപ്പെട്ടതിന്റെ സൂചനയാണ് കർണാടക നൽകുന്നത്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ മതേതരത്വംകൊണ്ടാണ് കർണാടക പ്രതിരോധിച്ചത്. വിദ്വേഷംകൊണ്ട് രാജ്യത്തിന് നാണക്കേടല്ലാതെ മറ്റൊരു ലാഭവുമില്ലെന്ന് തെളിഞ്ഞു.
ഇത് തിരിച്ചറിയാൻ രാജ്യത്തെ ജനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും സാധിച്ചിട്ടുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര മുന്നണി അധികാരത്തിലെത്താൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമന്ന് തങ്ങൾ പറഞ്ഞു.
ബാഹ്യ ഇടപെടലുകൾ മുസ്ലിം ലീഗിന്റെ തീരുമാനത്തെ സ്വാധീനിMuslim Leagueക്കില്ലെന്നും ഏതുവിഷയത്തിലും ആർജവത്തോടെ തീരുമാനമെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട വിഷയമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ സാധിച്ചു. ഒരേ പതാകയും ആശയവുമായി മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന ഒരേയൊരു ന്യൂനപക്ഷ പാർട്ടി മുസ്ലിം ലീഗ് മാത്രമാണ്. രാഷ്ട്രീയസംഘാടനമാണ് ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ പ്രശ്നപരിഹാരമെന്ന് ലീഗ് തെളിയിച്ചു.
ഉദ്ഘാടന സെഷനിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ല, സംസ്ഥാന, ദേശീയ നേതാക്കളും പ്രത്യേക ക്ഷണിതാക്കളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സംഘടനകാര്യങ്ങളും രാഷ്ട്രീയവിഷയങ്ങളും ഉൾപ്പെടുത്തി മുതിർന്ന നേതാക്കളുടെ അധ്യക്ഷതയിൽ ചർച്ചകളും റിപ്പോർട്ടിങ്ങും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി പി.എം. സാദിഖലി നന്ദിയും പറഞ്ഞു.
ചെറുതുരുത്തി (തൃശൂർ): കാലം അംഗീകരിച്ച ചരിത്രദൗത്യമാണ് 75 വർഷമായി മുസ്ലിംലീഗ് നിർവഹിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിനെ എല്ലാ കാര്യത്തിലും മാതൃകയായി മറ്റുള്ളവർ കാണുന്നു എന്നത് വലിയ അംഗീകാരമാണ്.
അച്ചടക്കത്തോടെ ഒരു നേതൃത്വത്തിന് കീഴിൽ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ പാർട്ടിയെ പ്രാപ്തമാക്കിയത്. ഡൽഹിയിലെ ആസ്ഥാനമന്ദിരം പ്രവർത്തകരുടെ വികാരമാണ്. ഈ ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിൽ ലീഗ് വഹിച്ച പങ്ക് വലുതാണ്. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കുന്നതിൽ വലിയ പങ്കാളിത്തം വഹിക്കാൻ സാധിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് ലക്ഷ്യം. ഇന്ത്യയെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പാതയിൽ ഉറപ്പിച്ച് നിർത്താൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.