കെ. മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍റിനോട് മുസ്ലീം ലീഗ്

കോഴിക്കോട്: കെ. മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍റിനോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി താരീഖ് അൻവറിനോടാണ് ലീഗ് നേതൃത്വം ഇതു സംബന്ധിച്ച ആവശ്യം ഉന്നയിച്ചതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

വടകര മണ്ഡലത്തിൽ മാത്രമേ പ്രചാരണത്തിനിറങ്ങൂവെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ ഒരിടത്തുപോലും മുരളീധരൻ പങ്കെടുത്തിട്ടില്ല. കെ.മുരളീധരൻ മലബാറിൽ പ്രചാരണ രംഗത്ത് സജീവമാകാതെ യു.ഡി.എഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു.

പാർലമെന്റ് സമ്മേളനത്തിന്റെ പേരിൽ ഡൽഹിയിൽ തുടരുകയാണ് കെ. മുരളീധരൻ. കെ.മുരളീധരനെ പോലെ പാർട്ടി അണികൾക്ക് ആവേശം പകരുന്ന നേതാവ് മാറി നിന്നാൽ മലബാറിൽ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

വ്യാഴാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തിന് കെ.മുരളീധരനെ യാണ് മുസ്ലിം ലീഗ് ക്ഷണിച്ചത്. എ.കെ ആൻറണി, കെ.സി വേണുഗോപാൽ തുടങ്ങിയ പ്രമുഖരെല്ലാം ഡൽഹിയിൽ ഉണ്ടായിരിക്കെയായിരുന്നു ലീഗിന്‍റെ നടപടി. ലീഗിന്റെ പോഷക സംഘടനയായ കെ എം സി സിയുടെ ഡൽഹി ഘടകമാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

വടകര മണ്ഡലത്തിൽ ലോക്‌സഭയിൽ ലഭിച്ച ഭൂരിപക്ഷം നിലനിർത്തുകയെന്ന ഉത്തരവാദിത്തമേ തനിക്കുള്ളൂവെന്നാണ് മുരളീധരന്റെ നിലപാട്. പിൻവാങ്ങി നിൽക്കുന്ന മുരളീധരനെ സജീവമാക്കി രംഗത്തിറക്കിയാൽ മലബാറിലാകെ ആവേശമുണ്ടാക്കാമെന്നാണ് ലീഗ് നിലപാട്.

Tags:    
News Summary - Muslim League urges High Command to actively field Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.