കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടിടങ്ങളില്‍ പുതുമുഖ സ്ഥാനാർഥികളെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതിനു പിന്നാലെ, സമുദായ പ്രാതിനിധ്യവും സജീവ ചർച്ചയിൽ. കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലെ ഏക മുസ്ലിം പ്രതിനിധി ആലപ്പുഴയിലെ ഷാനിമോൾ ഉസ്മാൻ ഇത്തവണ മത്സരിക്കില്ലെന്ന് വ്യക്തമായതോടെ സമുദായ പ്രാതിനിധ്യം എങ്ങനെ നികത്തുമെന്ന ആലോചനയിലാണ് പാര്‍ട്ടി.
ആലപ്പുഴയിലും കണ്ണൂരിലുമാണ് പുതുമുഖ സ്ഥാനാർഥികളിലേക്ക് ആലോചന നീളുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടിൽ മൽസരിക്കേണ്ടെന്ന് തീരുമാനിച്ചാൽ അവിടെയും പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരും. ഈ മൂന്നിടങ്ങളില്‍ ഒരിടത്ത് സമുദായ പരിഗണന കോണ്‍ഗ്രസിന് നിർണായകമാണ്.
കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സിറ്റിങ് എം.പി കെ. സുധാകരൻ മത്സരത്തിനില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പല പേരുകളും ആദ്യഘട്ടത്തില്‍തന്നെ ഉയർന്നുവന്നു. സുധാകരന്റെ വിശ്വസ്തനായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ, പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്, മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ തുടങ്ങിയ പേരുകളാണ് ഉയർന്നത്.
ഇതിനിടയിലാണ് സാമുദായിക സമവാക്യം വലിയ ചർച്ചയായത്. സംസ്ഥാനത്തെ 20 ലോക്സഭ സീറ്റുകളിൽ മുസ്ലിം ലീഗിന്റെ രണ്ടും ആർ.എസ്.പിയുടെയും കേരള കോൺഗ്രസിന്റെയും ഓരോന്നുവീതവും മാറ്റിനിർത്തിയാൽ 16 സീറ്റിലാണ് സാധാരണ ഗതിയിൽ കോൺഗ്രസ് മത്സരിക്കുക. എം.ഐ. ഷാനവാസ് മത്സരിച്ച വയനാട് സീറ്റിലേക്ക് അദ്ദേഹത്തിന്റെ വിയോഗശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ടി.സിദ്ദീഖ് ആയിരുന്നു ആദ്യപട്ടികയില്‍ ഉണ്ടായിരുന്നത്.
മണ്ഡലത്തിലെത്തി സിദ്ദീഖ് പ്രചാരണം തുടങ്ങിയപ്പോഴാണ് രാഹുൽ ഗാന്ധിയുടെ നാടകീയ രംഗപ്രവേശം. അതോടെ കോൺഗ്രസ് പട്ടികയിലെ മുസ്ലിം പ്രാതിനിധ്യം ആലപ്പുഴയിൽ ഒതുങ്ങി. കണ്ണൂരിൽ മുസ്ലിം പ്രതിനിധിയെ പരിഗണിക്കാനാണ് ഇപ്പോള്‍ തെളിയുന്ന സാധ്യത.
എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് മുതൽ നിയമസഭയിലേക്ക് തളിപ്പറമ്പില്‍ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദ് വരെയുള്ള പേരുകളാവും ഉയർന്നുവരുക.
ആലപ്പുഴയിലേക്ക് നടന് സിദ്ദീഖിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകളും സമുദായ പ്രാതിനിധ്യവുമായി ചേര്‍ത്തുവായിക്കണം. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം നിരാകരിക്കുന്ന കോണ്‍ഗ്രസിന് പട്ടികയിലെ മുസ്ലിം പ്രാതിനിധ്യ ആവശ്യം പരിഗണിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയാണ്. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകൾ സമീപകാലത്ത് കൈക്കൊള്ളുന്ന നിലപാടുകളും കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ പ്രതിരോധത്തിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.