തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ മുൻ എം.എൽ.എ പി.സി. ജോര്‍ജ് തിങ്കളാഴ്ച വീണ്ടും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശം. ശബ്ദ പരിശോധന ഉൾപ്പെടെ കാര്യങ്ങൾക്കായി ജൂണ്‍ ആറിന് രാവിലെ 11ന് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസി. കമീഷണര്‍ ഷാജിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് നോട്ടീസ് അയച്ചത്. മേയ് 29ന് എത്തണമെന്നാവശ്യപ്പെട്ട് നേരേത്ത നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പി.സി. ജോർജ് തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനാൽ ഹാജരായിരുന്നില്ല.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ആരോഗ്യപരിശോധനക്ക് ഡോക്ടറെ കാണേണ്ടതുണ്ടെന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് അന്ന് ജോർജ് പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ജോർജിനെതിരെ ജാമ്യവ്യവസ്ഥ ലംഘനം ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് നിയമോപദേശം തേടിയെങ്കിലും അനുകൂലമായിരുന്നില്ല. ജാമ്യം റദ്ദാക്കാന്‍ നീക്കം നടത്തില്ലെന്ന് പൊലീസ് വ്യക്തമാക്കുകയും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകുകയുമായിരുന്നു. തിങ്കളാഴ്ച അദ്ദേഹം ഹാജരാകുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.