തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് മരണക്കെണിയായി മാറിയ മുതലപ്പൊഴി അപകടരഹിതമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒന്നര വർഷത്തിനകം പൂർത്തീകരിക്കുമെന്ന് സർക്കാർ. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് 164 കോടിയുടെ പദ്ധതി രൂപ രേഖ തയാറാക്കി പി.എം.എം.എസ്.വൈ യിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള അനുമതിക്കായി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ടെൻഡർ ചെയ്ത് ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സജിചെറിയാന് വേണ്ടി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
പദ്ധതി രൂപരേഖ കേന്ദ്ര സർക്കാറിന്റെ സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ‘സ്മാർട്ട് ആൻഡ് ഗ്രീൻ’ ഹാർബർ ആയി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ അതിന്റെ മാനദണ്ഡപ്രകാരമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി സമർപ്പിക്കാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറീസിൽ നടന്ന യോഗത്തിൽ നിർദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിച്ചുവരുന്നു.
അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യാൻ അദാനി പോർട്ടുമായുള്ള കരാർ അവസാനിച്ചശേഷവും മൂന്ന് കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. ഒരോ ദിവസത്തേയും കാലാവസ്ഥ വിലയിരുത്തി കടൽ പ്രക്ഷുബ്ധമെങ്കിൽ മത്സ്യബന്ധനത്തിന് പോകുന്നത് തടയാൻ ധാരണയായി. രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ ഹാർബറിൽ സ്ഥാപിക്കാനും അംബുലൻസ് സൗകര്യം ഉറപ്പാക്കാനും തീരുമാനമെടുത്തു.
എം.എൽ.എ ഫണ്ട് ഉപയോഗിച്ചിച്ച് ആധുനിക സൗകര്യമുള്ള ആംബുലൻസ് സ്ഥിരമായി മുതലപ്പൊഴിയിലേക്ക് വാങ്ങുന്നതിനും ധാരണയായി. മുതലപ്പൊഴി മാസ്റ്റർ പ്ലാനിന് 2024-25 സാമ്പത്തിക വർഷം ഒരു കോടിരൂപ അനുവദിച്ചിട്ടുണ്ട്.
ട്രഷറി നിയന്ത്രണംമൂലം 2023-24 വർഷം അനുവദിച്ച തുക ചെലവിടാനായിരുന്നില്ല. സി.ആർ. മഹേഷ്, എ.പി അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, അൻവർ സാദത്ത് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.