കോഴിക്കോട്: മുത്തങ്ങ വെടിവെപ്പിനോട് അനുബന്ധമായി നടന്ന സംഭവങ്ങളിൽ പൊലീസ് നടപടിക്കിരയായ ഡയറ്റ് അധ്യാപകന്‍ കെ.കെ സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുളള ബത്തേരി സബ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതിവിധി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
സംഭവത്തിൽ സുരേന്ദ്രന് ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നിരുന്നു. തുടർന്ന് 30 ദിവസത്തോളം ജയിൽവാസവും അനുഭവിച്ചു. കസ്റ്റഡിയിലെ മർദ്ദനഫലമായി ഇദ്ദേഹത്തിന്‍റെ കേൾവിശക്തി തകരാറിലായി. പിന്നീട് പൊലീസ് അതിക്രമങ്ങൾക്കെതിരെ സുരേന്ദ്രൻ സുൽത്താൻ ബത്തേരി മുൻസിഫ് കോടതിയെ സമീപിച്ചു. 18 വർഷങ്ങൾക്ക് ശേഷം പൊലീസ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. സർക്കാരിൽ നിന്നല്ല, അതിക്രമം കാണിച്ച അന്നത്തെ ബത്തേരി സബ് ഇന്‍സ്പെക്ടറില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ നിന്നും അഞ്ച് ലക്ഷം രൂപ ഈടാക്കണമെന്നാണ് കോടതി പറഞ്ഞത്. ഈ വിധിക്കെതിരെയാണ് സർക്കാർ ഇപ്പോൾ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീൽ നൽകിയിരിക്കുന്നത്.
എ.കെ ആന്‍റണി ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് നടപടി അന്നത്തെ സര്‍ക്കാരിനെതിരായ സി.പി.എമ്മിന്‍റെ പ്രധാന പ്രചാരണ വിഷയമായിരുന്നു. സി.പി.എമ്മും പ്രതിപക്ഷ പാർട്ടികളും അന്ന് പ്രത്യക്ഷ സമരങ്ങളും നടത്തി. ഈ കേസില്‍ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയ അന്നത്തെ ബത്തേരി എസ്.ഐ പി. വിശ്വഭരനും സി.ഐ ദേവരാജനും കോടതി വിധിക്കെതിരെ അപ്പീല്‍ പോയിട്ടുമില്ല. കേസിൽ ഇവർക്കുവേണ്ടി അപ്പീൽ നൽകുന്നത് അന്ന് പൊലീസ് നടപടക്കെതിരെ സമരം ചെയ്ത സർക്കാറാണ് എന്നതാണ് വിരോധാഭാസം. സര്‍ക്കാര്‍ തീരുമാനം, നിയമം കൈയിലെടുക്കുന്ന പൊലീസുകാര്‍ക്കുളള സംരക്ഷണമായി മാറുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
തനിക്ക് വളരെ വൈകിക്കിട്ടിയ നീതിപോലും തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെൻറ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ എന്നാണ് അതിക്രമത്തിന് ഇരയായ കെ.കെ സുരേന്ദ്രൻ ചോദിക്കുന്നത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതിൽ മൂന്നിലൊന്ന് തുകയാണ് കോടതി വിധിച്ചതെന്നും പൊലീസിന് ഇത് നൽകാൻ കഴിയില്ല എന്ന് പറഞ്ഞാണ് സർക്കാർ തനിക്കെതിരെ കോടതിയിൽ അപ്പീൽ നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടിക വർഗ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. 2003 ഫെബ്രുവരി 19 മുതൽ 22 വരെ സുൽത്താൻ ബത്തേരി കേന്ദ്രമാക്കി ആദിവാസികൾക്കെതിരെ ഭീകരമായ പൊലീസ് അതിക്രമമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ദേശീയ കമ്മീഷനുകൾ സി.ബി.ഐ അന്വേഷണത്തോടൊപ്പം ഇത്തരമൊരു ശിപാർശ നൽകിയത്. അന്ന് ഈ അതിക്രമം നടത്തിയ എ.കെ.ആന്റണിയുടെ സർക്കാർ ടേം സ് ഓഫ് റഫറൻസിൽ അക്കാര്യം ഉൾപ്പെടുത്താതെ പൊലീസുകാരന്റെ മരണവും അതിന്റെ ഗൂഢാലോചനയും മാത്രം അന്വേഷിക്കാൻ ഉത്തരവിറക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മർദ്ദനമേറ്റു. സമരത്തിൽ പങ്കെടുക്കാത്തവരടക്കം ജയിലിലായി. ജാനുവിനും ഗീതാനന്ദനും എനിക്കു മൊക്കെ അതി ഭീകരമായ മർദ്ദനമേറ്റു. അന്ന് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം അന്വേഷിച്ചെങ്കിലും റിപ്പോർട്ട് എഴുതി വെച്ചതല്ലാതെ ഒന്നും ചെയ്തില്ല. മുത്തങ്ങ അതിക്രമം ചോദ്യം ചെയ്ത് ഞാൻ സുൽത്താൻ ബത്തേരി കോടതിയിൽ നൽകിയ കേസുകൾ മാത്രമായിരുന്നു ഇക്കാര്യത്തിൽ നടന്ന ഏക നിയമനടപടി. മുൻസിഫ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം ചാർജ് ചെയ്ത് വിചാരണ ഘട്ടത്തിലെത്തിയപ്പോൾ അത് ഹൈക്കോടതിയാൽ ക്വാഷ് ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ ഞാൻ പോയെങ്കിലും അനുകൂല വിധി കിട്ടിയില്ല. പൊലീസിന് അത്രമേൽ സംരക്ഷണമാണ് ഭരണകൂടം നൽകുന്നത്. അതിക്രമം നടത്തിയാൽ പോലും പൊലീസിനെതിരെ നടപടികൾ എളുപ്പമല്ല. നിയമാനുസൃതം സബ് കോടതിയിൽ നൽകിയ സിവിൽകേസാണ് പതിനെട്ടാമത്തെ വർഷം എനിക്കനുകൂലമായി വിധിയായത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതിൽ മൂന്നിലൊന്ന് തുകയാണ് വിധിച്ചത്. മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് അന്ന് സമരം ചെയ്ത പാർട്ടികളാണ് (കേരള കോൺഗ്രസൊഴികെ ) ഇപ്പോൾ കേരളം ഭരിക്കുന്നത്. ക്രൂരമായ പൊലീസ് മർദ്ദനവും അതിക്രമവും നേരിട്ടയാളാണ് ആഭ്യന്തര വകുപ്പിനും ഭരണത്തിനും നേതൃത്വം കൊടുക്കുന്നത്. വളരെ വൈകിക്കിട്ടിയ നീതിപോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെൻറ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.