മുട്ടിൽ മരം മുറി കേസ്: വനം- റവന്യൂ വകുപ്പിനെ മാറ്റിനിർത്തി സമഗ്രാന്വേഷണം നടത്തണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ 202 ക്യുബിക് മീറ്റർ ഈട്ടി തടി അനധികൃതമായി മുറിച്ചുമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് വനം - റവന്യൂ വകുപ്പിനെ മാറ്റിനിർത്തി സമഗ്രാന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വനം - റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആദിവാസി ഭൂവുടമകളെ കബളിപ്പിച്ച് 15 കോടിയുടെ മരങ്ങളാണ് നവംബർ - ഡിസംബർ മാസങ്ങളിലായി മുറിച്ചുമാറ്റിയത്​.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പട്ടയം ഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് ഇറക്കിയ വിവാദ ഉത്തരവ് ഉപയോഗപ്പെടുത്തിയാണ് കേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിനും കൂട്ടരും വനം കൊള്ള നടത്തിയതെന്ന വാർത്തയെപ്പറ്റി വ്യക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. ഒന്നര ലക്ഷം ക്യൂബിക് മീറ്റർ തടി കൊള്ളയടിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നു തയ്യാറാക്കിയിരുന്നതെന്ന ആരോപണം ഗുരുതരമാണ്. വനം - റവന്യൂ വകുപ്പ് മന്ത്രിമാരുടെ ഒത്താശയോടെയാണ് ഉദ്യോഗസ്ഥർ ഇത്തരം അനധികൃത നടപടികൾ സ്വീകരിക്കുന്നതെന്ന വാർത്തയോട് പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.

മറ്റു ജില്ലകളിലും വനം കൊള്ള റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ വർഷം മരം മുറിക്കലുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ട​ു.

Tags:    
News Summary - muttil tree cut case: Welfare Party demand investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.