മൂവാറ്റുപുഴ: എം.സി റോഡിലെ മൂവാറ്റുപുഴ തൃക്കളത്തൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശി മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ അമർനാഥ് ആർ. പിള്ള (20) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കുകളേറ്റ അമർനാഥ്, കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച ആദിത്യന് ആർ. പിള്ളയുടെ സഹോദരനാണ് അമർനാഥ്. അമർനാഥിന്റെ അമ്മ സജിനിയുടെ സഹോദരി രജനിയുടെയും പുറപ്പുഴ സ്വദേശി കുന്നേൽ ബാബുവിന്റെയും മക്കളായ വിഷ്ണു (24), സഹോദരൻ അരുൺ ബാബു (22) എന്നിവരും അപകടത്തിൽ മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ച 3.30ഓടെ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തെ തടിമില്ലിനു മുന്നിലായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോകുകയായിരുന്ന ലോറിയും മൈസൂരുവിൽ നിന്ന് പുറപ്പുഴക്കു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
വൻ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല. കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുമ്പോൾ തന്നെ രണ്ടുപേർ മരിച്ചിരുന്നു. ബംഗളൂരുവിൽ നിന്ന് ഇവർ തിരിച്ചുപോന്ന റിട്സ് ഉൾപ്പെടെ രണ്ട് കാർ എടുത്തശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. ഇവരുടെ കാറിനു പിന്നിൽ ബംഗളൂരുവിൽ നിന്ന് വാങ്ങിയ ഇന്നോവ കാറിൽ അമ്മാവൻ ഉണ്ണികൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു.
ഉറക്കം വന്നതിനെ തുടർന്ന് പെരുമ്പാവൂരിൽവെച്ച് ചായ കുടിച്ച് വിശ്രമിച്ച ശേഷമാണ് വീണ്ടും യാത്ര തുടർന്നത്. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് കാർ കിട്ടാനുണ്ടെന്നറിഞ്ഞ് മൂന്നു ദിവസം മുമ്പാണ് ഇവർ ബംഗളൂരുവിലേക്ക് പോയത്. വാഹനം വാങ്ങിയ ശേഷം മൈസൂരു അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.