എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിനെ ഇനി എം.വി. ഗോവിന്ദൻ നയിക്കും. ആരോഗ്യപരമായ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണന് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ എം.വി. ഗോവിന്ദനെ സെക്രട്ടറിയായി സംസ്ഥാന സമിതി തീരുമാനിച്ചത്. സി.പി.എമ്മിന്‍റെ ഏഴാമത്തെ സംസ്ഥാന സെക്രട്ടറിയാണ് കണ്ണൂർ മൊറാഴ സ്വദേശിയായ എം.വി. ഗോവിന്ദൻ. ഭാരിച്ച ഉത്തരവാദിത്തമെന്ന തിരിച്ചറിവോടെ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകുമെന്ന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം പ്രതികരിച്ചു. തുടർന്ന് കോടിയേരി ബാലകൃഷ്ണനെ ഗോവിന്ദൻ സന്ദർശിച്ചു.

കേന്ദ്ര നേതാക്കൾ കൂടി പങ്കെടുത്ത് അടിയന്തരമായി ഞായറാഴ്ച വിളിച്ചുചേർത്ത സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിലാണ് സുപ്രധാന തീരുമാനമുണ്ടായത്. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ മന്ത്രിസഭയിലും അഴിച്ചുപണി ഉറപ്പായി. ഇപ്പോൾ നടക്കുന്ന നിയമസഭ സമ്മേളനത്തിനുശേഷം സെപ്റ്റംബർ രണ്ടിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം പരിഗണിക്കും. തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.വി. ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരാനാണ് സാധ്യത.

സെക്രട്ടറി പദവിയിൽ തുടർന്ന് ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ കോടിയേരി ബാലകൃഷ്ണനെ സഹായിക്കാൻ എ.കെ. ബാലൻ എ.കെ.ജി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ ശാരീരിക അവശതയും തുടർചികിത്സയും അനിവാര്യമാവുകയും ചെയ്തതോടെ മുഴുവൻ സമയ സെക്രട്ടറി വേണമെന്ന തന്‍റെ അഭിപ്രായം കോടിയേരി പി.ബിയെ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവരടങ്ങിയ അവൈലബിൾ പി.ബി വിഷയം ചർച്ച ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിലും സംഘടന രംഗത്ത് നേരിടുന്ന വെല്ലുവിളി അഭിമുഖീകരിക്കാനും സ്ഥിരം സെക്രട്ടറി വേണമെന്ന ധാരണയിലെത്തി.

പകരം ആര് എന്ന ചോദ്യത്തിന് പിണറായി വിജയൻ തന്നെയാണ് പി.ബിയിൽ എം.വി. ഗോവിന്ദെൻറ പേര് മുന്നോട്ടുവെച്ചത്. നേരത്തെ തന്നെ വിഷയത്തിൽ പി.ബി തലത്തിൽ ധാരണയുണ്ടായിരുന്നു. തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ബി നിർദേശത്തിന് പൂർണ പിന്തുണയാണ് ലഭിച്ചത്. പിന്നീട് സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പെന്ന ഒരു അജണ്ടയാണ് ഉണ്ടായിരുന്നത്. പിണറായി വിജയൻ എം.വി. ഗോവിന്ദെന്‍റ പേര് നിർദേശിക്കുകയും സംസ്ഥാന സമിതി ഐകകണ്ഠ്യേന അംഗീകരിക്കുകയുമായിരുന്നു.

എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകും -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകാൻ ആവശ്യമായ സംഘടനപരമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെ കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി ഓരോ ചുമതലകൾ ആദ്യഘട്ടം മുതൽ ഏൽപിക്കുകയും അതിൽ പ്രവർത്തിച്ചുവരികയുമാണ്. അതിനിടയിലാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടറിയാകണമെന്ന തീരുമാനം വന്നത്. മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത് പിന്നീട് ആലോചിച്ച് തീരുമാനിക്കും. അടുത്ത പാർട്ടി യോഗങ്ങളിലൊക്കെ പുനഃസംഘടന ആലോചിക്കും.

കണ്ണൂർ ലോബി എന്ന വിമർശനത്തെയും അദ്ദേഹം തള്ളി. കണ്ണൂരാണോ തിരുവനന്തപുരമാണോ എന്ന പ്രശ്നമില്ല. എത്രയോ നാളായി കേരളത്തിലാകെ പ്രവർത്തിച്ചുവരുന്നവരാണ്. കണ്ണൂരിനേക്കാൾ പുറത്താണ് തങ്ങൾ പ്രവർത്തിച്ചത്. വാർത്തയായി വരുന്നത് മാധ്യമ മുതലാളിത്തത്തിന്‍റെ വർഗ താൽപര്യമാണ് - ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - MV Govindan CPM state secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.