‘പട്ടി’ പരാമർശം ആപേക്ഷികമായി ശരിയല്ലേ എന്ന് എം.വി. ഗോവിന്ദൻ; ‘ശക്തമായ വിമർശനത്തിന് നല്ല ഭാഷയാണ് ഉചിതം’

പാലക്കാട്: മാധ്യമപ്രവർത്തകർക്ക് നേരെയുള്ള 'പട്ടി' പരാമർശത്തിൽ എൻ.എൻ. കൃഷ്ണദാസിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 'പട്ടി' പരാമർശം ആപേക്ഷികമായി ശരിയല്ലേ എന്ന് മാധ്യമപ്രവർത്തകരോട് ഗോവിന്ദൻ ചോദിച്ചു.

മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന പദങ്ങളാണവ. ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരായ നടപടി കണ്ണൂർ ജില്ല ഘടകം തീരുമാനിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, മാധ്യമങ്ങൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും മാപ്പ് പറയില്ലെന്നും എൻ.എൻ. കൃഷ്ണദാസ് ഇന്ന് വ്യക്തമാക്കി. മാധ്യമങ്ങളോടുള്ള പരാമർശം അബദ്ധം പറ്റിയതല്ല. ഉത്തമബോധ്യത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഷുക്കൂറിന്‍റെ വീട്ടിലെത്തിയ മറ്റ് പാർട്ടിക്കാരെ കൂടി ഉദ്ദേശിച്ചാണ് പരാമർശം നടത്തിയത്. മാപ്പ് ആവശ്യപ്പെട്ടുള്ള കേരള പത്രപ്രവർത്തക യൂണിയന്‍റെ പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെ എന്നും കൃഷ്ണദാസ് പറഞ്ഞു.

പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെയാണ് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപിച്ചത്. ‘‘ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാന്‍ പറഞ്ഞാല്‍ മാറിക്കൊള്ളണം’’ എന്നുമായിരുന്നു കൃഷ്ണദാസിന്‍റെ പരാമർശങ്ങൾ.

വെളളിയാഴ്ച പ്രവർത്തകരുടെ കരഘോഷങ്ങളോടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ എൽ.ഡി.എഫ് കൺവെൻഷനിൽ കൊണ്ടു വന്നപ്പോഴും എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപം തുടർന്നു. ‘‘സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് പറഞ്ഞവർ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നിൽ പട്ടികൾ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നിൽ കാത്തുനിന്നവർ തലതാഴ്ത്തുക’’ എന്നു പറഞ്ഞാണ് സദസിലേക്ക് ഷുക്കൂറിനെ കൊണ്ടുവന്നത്.

‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ’ എന്ന വാക്ക് തുടർച്ചയായി പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടർന്നു. ഷുക്കൂറിന്‍റെ പ്രതികരണത്തിന് മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോൾ കൃഷ്ണദാസ് സമ്മതിച്ചില്ല. എങ്ങോട്ടാണ് പോയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ‘‘ഇഷ്ടമുള്ളയിടത്ത് പോകും, നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല’’ എന്നും മറുപടി നൽകി.

Tags:    
News Summary - MV Govindan react to NN Krishnadas Hate Statement against Medias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.